|

ഇന്ത്യയുടെ ഭക്ഷ്യധാന്യ വിതരണത്തെയും മോദി അദാനിക്ക് കൈമാറാന്‍ ശ്രമിച്ചു; രാജ്യത്തെ പൊതുമേഖല സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമം : ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ഭക്ഷ്യധാന്യ വിതരണത്തെ അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയതായി കോണ്‍ഗ്രസ്. വിവാദമായ കാര്‍ഷിക ബില്ല് ഇന്ത്യയുടെ ഭക്ഷ്യധാന്യ വിതരണത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അടിയറവ് വെക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയായിരുന്നെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഫലമായി ഇതില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ വെച്ച് നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം നടത്തിയ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ട് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി ജയറാം രമേശ് രംഗത്തെത്തിയത്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിനടുത്തുള്ള രണ്ട് ഭക്ഷ്യ വെയര്‍ഹൗസുകള്‍ അദാനിക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്നും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതെന്നും അദ്ദേഹം ആരോപിച്ചു. നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള ധനകാര്യ വകുപ്പും വിഷയത്തില്‍ അദാനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നും ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്ര വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ മേലുള്ള നിയന്ത്രണം അദാനി പോര്‍ട്ട്‌സിന് നല്‍കിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധിയെ സുപ്രീം കോടതി പിന്നീട് റദ്ദാക്കിയിരുന്നു. മുന്ദ്ര തുറമുഖത്തിനടുത്തുള്ള ഇന്ത്യയുടെ സുപ്രധാനമായ രണ്ട് ഭക്ഷ്യ സംഭരണ ശാലകളുടെ നിയന്ത്രണം അദാനിക്ക് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ അദാനിയുടെ പക്ഷത്താണ് നിന്നത്.

വിഷയത്തില്‍ നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം അദാനി കമ്പനിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മുകളില്‍ നിന്ന് നിര്‍ദേശമില്ലാതെ അവര്‍ക്കങ്ങനെ ചെയ്യാനാകുമെന്നാണോ നിങ്ങള്‍ കരുതുന്നത്,’ ജയറാം രമേശ് കുറിച്ചു.

കാര്‍ഷിക നിയമങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ പോവുന്നത് അദാനിക്കായിരുന്നെന്നും രാജ്യം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പൊതുമേഖല സംവിധാനം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുടെ ഭക്ഷ്യധാന്യ സപ്ലൈ ചെയ്‌നിനെ മോദിയുടെ ഏറ്റവും അടുത്ത ചില കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് വില്‍ക്കാനുള്ള നീക്കമായിരുന്നു മൂന്ന് കാര്‍ഷിക നിയമങ്ങള്‍. നിയമം നടപ്പിലായാല്‍ അതിന്റെ ഏറ്റവും കൂടുതല്‍ ഗുണം കിട്ടാന്‍ പോവുന്നതും അദാനി അഗ്രി ലോജിസ്റ്റിക്‌സിനായിരിക്കും.

ഈയടുത്ത കാലത്ത് ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി 3.5 ലക്ഷം മെട്രിക് ടണ്ണിന്റെ ഭക്ഷ്യ സംഭരണ ശാല അവര്‍ ആരംഭിച്ചതും ഇതിന് തെളിവാണ്.

കൂടാതെ അദാനി കമ്പനിക്ക് ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള കരാറും ഇതിനോടകം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്ത്യയുടെ പൊതുമേഖലാ സംവിധാനത്തെ പ്രധാന മന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്,’ ജയറാം രമേശ് പറഞ്ഞു.

Content Highlight: Congress leader Jayaram ramesh says govt try to hand over indias food logistics to adani group