'ബി.ജെ.പി ഭരിക്കുമ്പോള്‍ കര്‍ണാടക പൊലീസ് കേസെടുക്കില്ല'; പ്രഗ്യാ സിങ്ങിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജയറാം രമേശ്
national news
'ബി.ജെ.പി ഭരിക്കുമ്പോള്‍ കര്‍ണാടക പൊലീസ് കേസെടുക്കില്ല'; പ്രഗ്യാ സിങ്ങിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2022, 8:09 am

ന്യൂദല്‍ഹി: ആക്രമണത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നടത്തിയ കലാപാഹ്വാനത്തില്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിക്കിടെ പ്രഗ്യാ സിങ് നടത്തിയ പരാമര്‍ശം വിദ്വേഷ പ്രസംഗത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും ഇവര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് ജയറാം രമേശ് പ്രതികരിച്ചത്.

പ്രഗ്യാ സിങിനെതിരെ കര്‍ണാടക പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ബി.ജെ.പി എം.പിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്നതിനാല്‍ ലോക്കല്‍ പൊലീസ് ഒരിക്കലും ഇവര്‍ക്കെതിരെ നടപടിയെടുക്കില്ല. പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. പി.ടി.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രഗ്യാ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.

പ്രസംഗം തികച്ചും നിന്ദ്യവും അസ്വീകാര്യവുമാണെന്നും കൊലപാതകത്തിന് വേണ്ടിയുള്ള പ്രകോപനപരമായ ആഹ്വാനങ്ങള്‍ തികഞ്ഞ ധാര്‍ഷ്ഠ്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എം.പിയാണെന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ജീവനും നിയമവാഴ്ചയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം കൊലവിളികള്‍ അനുവദിക്കരുത്. വിദ്വേഷം സംരക്ഷിക്കപ്പെടുകയും പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി വ്യാപിക്കുകയും ചെയ്യുമ്പോള്‍ നിരപരാധികള്‍ ജയിലുകളില്‍ നരകിക്കുന്നു,’ യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്.

എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ശിവമോഗയില്‍ വെച്ച് നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ബി.ജെ.പി എം.പി ആഹ്വാനം ചെയ്തിരുന്നു.

”നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.

സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്”.

മുസ്‌ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങ് പറഞ്ഞിരുന്നു.

”ലവ് ജിഹാദ്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമാണുള്ളത്. ഒന്നുമില്ലെങ്കിലും അവര്‍ ലവ് ജിഹാദ് ചെയ്യുന്നു. ശരിക്കും പ്രണയിക്കുന്നുണ്ടെങ്കില്‍ പോലും അവരതില്‍ ജിഹാദ് ചെയ്യുന്നു.

ഞങ്ങള്‍ ഹിന്ദുക്കളും പ്രണയിക്കുന്നുണ്ട്, ദൈവത്തെ സ്നേഹിക്കുന്നു, ഒരു സന്യാസി തന്റെ ദൈവത്തെ സ്നേഹിക്കുന്നു,” മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയായ പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress leader Jairam Ramesh says he will move Supreme Court against BJP MP Pragya Singh Thakur