ന്യൂദല്‍ഹി: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ട് വരാനല്ല ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഭാരത് ജോഡോ യാത്രക്ക് തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിലൂടെ സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നീ മൂന്ന് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ രാഹുല്‍ ഗാന്ധി വിജയിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
”പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയല്ല ഭാരത് ജോഡോ യാത്ര നടത്തിയത്. ഇതൊരു പ്രത്യയശാസ്ത്രപരമായ യാത്രയാണ്, രാഹുല്‍ ഗാന്ധി അതിന്റെ പ്രധാന മുഖമാണ്. എന്നാല്‍ ഇത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഇതൊരു ‘തെരഞ്ഞടുപ്പ് യാത്ര’യുമല്ല (election yatra),” ജയറാം രമേശ് പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ”ഇല്ല, ഇല്ല, ഇല്ല… അങ്ങനെ ഒരിക്കലുമില്ല. ഇതൊരു തെരഞ്ഞടുപ്പ് യാത്രയല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2024 തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖമാകുമോ എന്ന് ചോദിക്കുന്നത് പോലും അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യാത്രയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും രാജ്യത്തിന്റെ ശ്രദ്ധ രാഹുല്‍ ഗാന്ധിയിലാണ്. കാരണം അദ്ദേഹം യാത്രയുടെ ഏറ്റവും പ്രമുഖമായ മുഖമാണ്.
എന്നാല്‍ ഇത് ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ളതല്ല. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പ്രത്യയശാസ്ത്രപരമായി നേരിടാനാണ് യാത്രയെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് വിജയമല്ല യാത്രയുടെ ലക്ഷ്യമെന്നും നേരത്തെയും ജയറാം രമേശ് പറഞ്ഞിരുന്നു.
”തെരഞ്ഞെടുപ്പില്‍ വിജയിക്കാനല്ല ഈ യാത്ര. ഇത് പാര്‍ട്ടി സംഘടനയെ സജീവമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്.
തെരഞ്ഞെടുപ്പില്‍ ഒരുപക്ഷെ യാത്രയുടെ ഗുണം ലഭിച്ചേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ യാത്ര വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുകളല്ലാതെ മറ്റു പലതുമുണ്ട്.
രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തിന് വലിയ സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യും, എന്നാല്‍ ആശയപരമായ പോരാട്ടങ്ങള്‍ നടത്തേണ്ടത് പ്രധാനമാണ്,” എന്നായിരുന്നു യാത്ര രാജസ്ഥാനില്‍ എത്തിയ സമയത്ത് അദ്ദേഹം പറഞ്ഞത്.
സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ നിലവില്‍ ഹരിയാനയിലാണുള്ളത്. യാത്രയില്‍ 150 ദിവസം കൊണ്ട് 3,570 കിലോമീറ്ററായിരിക്കും രാഹുല്‍ ഗാന്ധി നടക്കുക. ഫെബ്രുവരി ആദ്യം ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും.
Content Highlight: Congress leader Jairam Ramesh says Bharat Jodo Yatra not taken out to project Rahul Gandhi as PM face