ന്യൂദല്‍ഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബി.ബി.സി ഓഫീസില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടയിലാണ് ജയറാം രമേശിന്റെ പ്രതികരണം.
വിനാശകാലേ വിപരീത ബുദ്ധിയാണ് കേന്ദ്ര സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ അനധികൃത ഇടപെടലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുമ്പോഴും
സര്‍ക്കാര്‍ ബി.ബി.സിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു. അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോദി ഡോക്യുമെന്ററിയുടെ മൂന്നാം ഭാഗം നിര്‍മിക്കാന്‍ ബി.ബി.സിക്ക് മതിയായ മെറ്റീരിയലാണിതെന്ന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു. അടുത്ത ഭാഗത്തില്‍ സ്വന്തം അനുഭവവും മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ ഉള്‍പ്പെടുത്താമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബി.ബി.സിയുടെ മുംബൈ, ദല്‍ഹി ഓഫീസുകളിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാലിലെ 11:30തോടെയാണ് മുംബൈയിലേയും ദല്‍ഹിയിലേയും ഓഫീസുകളില്‍ ആദയനികുതി ഉദ്യോഗസ്ഥരെത്തിയത്.
ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ മോബൈല്‍ ഫോണുകളടക്കം വാങ്ങിവെച്ചെന്ന പരാതിയുണ്ട്. പരിശോധന രണ്ട് മണിക്കൂറോളം പിന്നിട്ടു. ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹി പൊലീസ് അകത്തും പുറത്തും സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
എന്നാല്‍, റെയ്ഡല്ല സര്‍വേ മാത്രമാണിപ്പോള്‍ നടക്കുന്നതെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോട്ടുണ്ട്. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക, ധന സമാഹരണമാണവുമായി ബന്ധപ്പെട്ടും ബി.ബി.സിക്കെതിരെ പരാതിയുണ്ടായിരുന്നു.
ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങുകയും, അതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് റെയ്ഡിന്റെ വാര്‍ത്ത പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍ കൂടിയാണ് ഇത്തരമൊരു റെയ്ഡ്.