ലഖ്‌നൗ: ഹാത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവിനെ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്.
യു.പിയിലെ കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിന്റെ അരാജകത്വ ഭരണമാണ്. എല്ലാ അതിരുകളും ലംഘിച്ചാണ് യോഗിയുടെ ഭരണമെന്നും അജയ്കുമാര്‍ ആരോപിച്ചു.
ഹാത്രാസില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പൊലീസുകാര്‍ കഴിഞ്ഞ രാത്രി തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് പറഞ്ഞതായി അദ്ദേഹം ആരോപിച്ചു.
എന്നാല്‍ കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ല. തന്നോട് ഒക്ടോബര്‍ 9 ന് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസുകാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
യു.പിയില്‍ നടക്കുന്ന കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അതിനാല്‍ യോഗി സര്‍ക്കാര്‍ തന്നെയും തന്റെ പാര്‍ട്ടിയെയും വേട്ടയാടുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ വീട്ടുതടങ്കലില്‍ കഴിയണമെന്നാണ് അവര്‍ നല്‍കിയ നിര്‍ദ്ദേശം. അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് ഒരു തെറ്റാണോ? എന്താണ് യു.പിസര്‍ക്കാര്‍ ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂള്‍ഗാരിയില്‍ എത്തിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പം മറ്റ് നേതാക്കളായ അധിര്‍ രജ്ജന്‍ ചൗധരി, എം.പി കെ.സി വേണുഗോപാല്‍ എന്നിവരുമുണ്ട്. സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസില്‍ എത്തിയത്.
#WATCH: Congress leaders Rahul Gandhi and Priyanka Gandhi Vadra arrive at the residence of the victim of #HathrasIncident. pic.twitter.com/98xDRRSfY0
— ANI UP (@ANINewsUP) October 3, 2020
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Congress Leader In Up Says He has Been Detained For Protesting Aganist Hathrasgang rape