ന്യൂദല്‍ഹി: ദല്‍ഹിയില്‍ രാജ് കുമാര്‍ ചൗഹാന് സീറ്റ് നല്‍കില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചൗഹാനു പകരം ദല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് രജേഷ് ലിലോതിയയ്ക്ക് സീറ്റു നല്‍കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
എന്നാല്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
‘ചൗഹാന്‍ എല്ലാ പ്രവര്‍ത്തകരേയും ഒന്നിച്ചു കൂട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തി വരികയായിരുന്നു. മണ്ഡലത്തില്‍ നിന്ന് ചൗഹാന്‍ ആയിരിക്കും മത്സരിപ്പിക്കുക എന്ന് വോട്ടര്‍മാരെയും അറിയിച്ചിരുന്നു. ഇനിയിപ്പോ എന്ത് ചെയ്യാനാ. അവസാന നിമിഷം പാര്‍ട്ടി തീരുമാനം മാറ്റിയതിന് പിന്നില്‍ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’- പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘മറ്റൊരു സ്ഥാനാര്‍ഥിക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. രാജേഷ് ലിലോതിയയ്ക്കാണ് ടിക്കറ്റ് എന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. ലിലോതിയ ഇവിടത്തുകാരനല്ല. അദ്ദേഹത്തിന് ഞങ്ങളുടെ മണ്ഡലവുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ചൗഹാന്‍ വേണ്ടി മാത്രമേ പ്രചാരണത്തിനിറങ്ങൂ’- മറ്റൊരു പ്രതിഷേധക്കാരന്‍ പറയുന്നു.
ദല്‍ഹിയില്‍ കോണ്‍ഗ്രസ് എ.എ.പി സഖ്യം ഉണ്ടാവുമെന്ന് അവസാന നിമിഷം വരെ തോന്നിപ്പിച്ചെങ്കില്‍ സഖ്യം സാധ്യമല്ലെന്ന് ഇരു പാര്‍ട്ടികളും ഇന്നലെ തീര്‍ത്തു പറയുകയായിരുന്നു. എ.എ.പി നേരത്തെ തന്നെ ദല്‍ഹിയിലെ ഏഴു സീറ്റുകളിലേക്കും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ദല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തു വിടുമെന്ന് ഷീലാ ദീക്ഷിത് ഇന്ന് പറഞ്ഞിരുന്നു.
മെയ് 12നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. മെയ് 23ന് വോട്ടെണ്ണല്‍ ആരംഭിക്കും.
Image Credits: ANI