Kerala News
സ്‌കൂള്‍ ബസിനായി ഫണ്ട് ചോദിച്ചപ്പോള്‍ ശകാരിച്ച ഉണ്ണിത്താന്റെ ശബ്ദരേഖ പുറത്തുവിട്ട കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Monday, 10th March 2025, 11:07 am

കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശകാരിക്കുന്ന ശബ്ദരേഖ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.

സ്‌കൂള്‍ ബസ് വാങ്ങുന്നതിനായി എം.പി ഫണ്ട് ആവശ്യപ്പെട്ടാണ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പി.സി. നസീര്‍ കാസര്‍കോട് എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ എം.പിയുടെ സംസാരം സൗഹാര്‍ദപരമായിരുന്നില്ല.

തെക്കില്‍പറമ്പ് ജി.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കൂടിയാണ് പുറത്താക്കപ്പെട്ട പി.സി. നസീര്‍. ഇദ്ദേഹം സ്‌കൂള്‍ ബസ് വാങ്ങാന്‍ എം.പി ഫണ്ടില്‍ നിന്ന് തുകയ്ക്കായി രണ്ടുതവണ രാജ്‌മോഹന്‍ ഉണ്ണിത്താന് നിവേദനം നല്‍കിയിരുന്നു.

എന്നിട്ടും കിട്ടാതായപ്പോഴാണ് എം.പിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ ഫോണിലൂടെ നസീറിനെ ശകാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ‘നിങ്ങള്‍ക്ക് ബസ് വേണമെങ്കില്‍, കോവിഡ് മഹാമാരി വരാന്‍ പ്രാര്‍തഥിക്ക്’ എന്ന് പറയുകയായിരുന്നു.

തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ എം.പിയെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചു എന്നാരോപിച്ച് നസീറിനെ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ പുറത്താക്കുകയായിരുന്നു.

Content Highlight: Congress leader expelled for releasing audio recording of Rajmohan Unnithan scolding him when he asked  fund for school bus