| Thursday, 6th June 2019, 12:04 pm

കര്‍ണാടക; മഴ ലഭിക്കാന്‍ ജലവിഭവ മന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ പ്രജന്യ ഹോമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശൃങ്കേരി: കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക പൂജ നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ചിക്കമംഗളുരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് മഴ ലഭിക്കാനായി ശിവകുമാര്‍ പ്രജന്യ ഹോമം നടത്തിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെയായിരുന്നു ഹോമം. മണ്‍സൂണ്‍ വൈകിയതോടെ സംസ്ഥാനത്തെ പല ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാവേരി, കൃഷ്ണരാജ സാഗര്‍, കബനി, ഹേമാവതി, ഹാരംഗി എന്നീ നദികളുടെ മൊത്തം ലൈവ് സ്റ്റോറേജ് നിലവില്‍ 13.93 ടി.എം.സി.എഫ്.ടി മാത്രമാണ്. ഈ നദികളുടെ ഏറ്റവും ഉയര്‍ന്ന ലൈവ് സ്റ്റോറേജ് കപാസിറ്റി 104.55 ടി.എം.സി.എഫ്.ടി ആയിരിക്കേയാണിത്.

‘ഞങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് വഴി’- പ്രതിസന്ധിയെക്കുറിച്ച് ശിവകുമാര്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അതിനിടെ 9.19 ടി.എം.സി.എഫ്.ടി അളവ് വെള്ളം തമിഴ്‌നാട്ടിലെ മേട്ടൂര്‍ ഡാമിലേക്ക് തുറന്നു വിടണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവും കര്‍ണാടകയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ‘ഞങ്ങള്‍ നിയമങ്ങളേയും കോടതി വിധിയേയും ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമേ തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കഴിയൂ എന്ന് ഞങ്ങള്‍ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്’- ശിവകുമാര്‍ പറഞ്ഞു.

Image Credits: ANI

We use cookies to give you the best possible experience. Learn more