| Tuesday, 15th November 2022, 8:52 pm

മോഹന്‍ ഭാഗവതിന് മദ്രസ സന്ദര്‍ശിക്കേണ്ടി വന്നു, ഇനി മോദിക്ക് തൊപ്പി ധരിച്ച് തുടങ്ങേണ്ടി വരും; ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങള്‍ പറഞ്ഞ് ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയ സ്വാധീനം കാരണമാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് മദ്രസയും പള്ളിയും സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനായതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈകാതെ തൊപ്പി (topi) ധരിച്ച് തുടങ്ങേണ്ടി വരുമെന്നും ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി തലവന്‍ കൂടിയായ ദിഗ്‌വിജയ് സിങ് പറഞ്ഞു.

സൗദി അറേബ്യയിലും മറ്റ് അറബ് രാജ്യങ്ങളിലും മുസ്‌ലിങ്ങള്‍ ധരിക്കുന്ന തൊപ്പിയെയാണ് ദിഗ്‌വിജയ് സിങ് പരാമര്‍ശിച്ചത്. ഈ രാജ്യങ്ങളില്‍ പോകുമ്പോള്‍ മോദി തൊപ്പി ധരിക്കാറുണ്ടെന്നും എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം അത് ഒഴിവാക്കാറാണെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

”ഈയിടെയായി ബി.ജെ.പി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. കാരണം ഭാരത് ജോഡോ യാത്ര തുടങ്ങി ഒരു മാസത്തിനുള്ളില്‍ മോഹന്‍ ഭാഗവത് മദ്രസയും മസ്ജിദും സന്ദര്‍ശിക്കാന്‍ തുടങ്ങി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി മോദി തൊപ്പി ധരിക്കാന്‍ തുടങ്ങും,” ദിഗ്‌വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മോഹന്‍ ഭാഗവത് ദല്‍ഹിയിലെ ഒരു പള്ളിയും മദ്രസയും സന്ദര്‍ശിച്ചത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹമ്മദ് ഇല്യാസിയുമായി (Umer Ahmed Ilyasi) ഭാഗവത് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

”ഇന്ത്യയിലെ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയാണെന്നും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയാണെന്നും ഒരു മുതിര്‍ന്ന സംഘപരിവാര്‍ നേതാവിന് പറയേണ്ടിവന്നു, അതും ഭാരത് ജോഡോ യാത്ര ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ.

ഈ ഭാരത് ജോഡോ യാത്ര അതിന്റെ അന്തിമ ലക്ഷ്യസ്ഥാനമായ ശ്രീനഗറിലെത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് കാത്തിരുന്ന് കാണാം,” സിങ് കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയും എ.ഐ.എം.ഐ.എമ്മും പ്രചാരണം നടത്തുന്നതിനെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.

”’കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പാര്‍ട്ടികള്‍. അവര്‍ ബി.ജെ.പിയുടെ ബി ടീമാണ്,” ദിഗ്‌വിജയ് സിങ് ആരോപിച്ചു.

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ വിഘടിപ്പിച്ചുകൊണ്ട് ബി.ജെ.പിയെ വിജയിപ്പിക്കാനാണെന്നും ദിഗ്‌വിജയ് സിങ് ആരോപിച്ചു.

സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 150 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ താണ്ടി കശ്മീരിലെ ശ്രീനഗറിലായിരിക്കും യാത്ര അവസാനിക്കുക.

Content Highlight: Congress leader Digvijaya Singh says Mohan Bhagwat was forced to visit madrasa and mosque due to Bharat Jodo Yatra

We use cookies to give you the best possible experience. Learn more