സ്വവര്‍ഗാനുരാഗി വിവേക് അഗ്നിഹോത്രിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്
national news
സ്വവര്‍ഗാനുരാഗി വിവേക് അഗ്നിഹോത്രിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th March 2022, 12:37 pm

ഭോപ്പാല്‍: കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.

ഭോപ്പാലി എന്നതിനര്‍ത്ഥം ഹോമോസെക്ഷ്വല്‍ എന്നണ് എന്ന അഗ്നിഹോത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സിംഗിന്റെ വിമര്‍ശനം. ഭോപ്പാലുമായി തനിക്ക് വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ് ഉളള്ളതെന്നും അഗ്നിഹോത്രി പറഞ്ഞത് അയാളുടെ അനുഭവം മാത്രമായിരിക്കുമെന്നും സിംഗ് പറഞ്ഞു.

‘വിവേക് അഗ്‌നിഹോത്രി ജി, ഇത് നിങ്ങളുടെ വ്യക്തിപരമായ അനുഭവമായിരിക്കാം. ഇത് ഒരു സാധാരണ ഭോപ്പാല്‍ നിവാസിയുടെ അനുഭവമല്ല. ഞാന്‍ 1977 മുതല്‍ ഭോപ്പാലുമായും ഭോപ്പാലികളുമായും ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ എന്റെ അനുഭവം അങ്ങനെയല്ല,
” അദ്ദേഹം പറഞ്ഞു.

അഗ്നിഹോത്രി ഭോപ്പാലിനെ അപമാനിച്ചെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

ഭോപ്പാലില്‍ വെച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്നെ അഗ്നിഹോത്രി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

‘ഞാന്‍ ഭോപ്പാലിലാണ് വളര്‍ന്നത്, പക്ഷേ ഞാന്‍ ഭോപ്പാലിയല്ല. കാരണം ഭോപ്പാലിക്ക് വ്യത്യസ്തമായ അര്‍ത്ഥമുണ്ട്. നിങ്ങള്‍ക്ക് ഏത് ഭോപ്പാലിയോടും ചോദിക്കാം. ഞാന്‍ അത് നിങ്ങളോട് സ്വകാര്യമായി വിശദീകരിക്കാം. ആരെങ്കിലും ഭോപ്പാലിയാണെന്ന് പറഞ്ഞാല്‍, അവന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പൊതുവെ അര്‍ത്ഥമാക്കുന്നത്,” എന്നാ
ണ് അദ്ദേഹം പറഞ്ഞത്.

വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് അദ്ദേഹം വീണ്ടും വിവാദത്തില്‍ അകപ്പെട്ടത്.

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

 

 

Content Highlights: Congress leader Digvijaya Singh against  Vivek Agnihotri