| Wednesday, 18th September 2024, 12:25 pm

ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരോധമാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാത്തതിന് കാരണം: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്‌ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം ജയില്‍ ജീവിതം ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളെ ജയിലില്‍ നിന്നും കുടുംബത്തോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. അക്കാരണത്താലാണ് അവര്‍ക്ക് ജാമ്യം ലഭിക്കാത്തത്. മുസ്‌ലിങ്ങള്‍ക്ക് മാത്രം ജാമ്യം ഒഴിവാക്കപ്പെടുന്നതെന്ത് കൊണ്ടാണ്,’ അദ്ദേഹം ചോദിച്ചു.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകരെ 2019-2020 വര്‍ഷങ്ങളിലായി അറസ്റ്റ് ചെയ്തതിന്റെ നാലാം വാര്‍ഷിക ദിവസം അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ വച്ചാണ് ആര്‍.എസ്.എസിനെ കുറിച്ചും അവരുടെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ കുറിച്ചും ദിഗ്‌വിജയ് സിങ്ങ് സംസാരിച്ചത്.

ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതന്മാരെ ലക്ഷ്യം വെച്ചതിന് സമാനമായാണ് ഇന്ത്യയില്‍ മുസ് ലീങ്ങളെ ആര്‍.എസ്.എസ് ഉപദ്രവിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ് പറഞ്ഞു. താന്‍ വരുന്നത് ആര്‍.എസ്.എസിനെ നഴ്‌സറിയായി കാണുന്ന സ്ഥലത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് വളരെ നന്നായി അവരെ അറിയാം. അവര്‍ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നവരല്ല. ഹിറ്റ്‌ലര്‍ ജൂതന്മാരെ ലക്ഷ്യമാക്കിയത് പോലെ അവര്‍ ലക്ഷ്യമാക്കിയത് മുസ്‌ലീങ്ങളെയാണ്. പ്രത്യയശാസ്ത്രങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തിന് ദോഷകരമാവും,’ ദിഗ്‌വിജയ് സിങ്ങ് പറഞ്ഞു.

ഇതിന് പിന്നാലെ ആര്‍.എസ്.എസ് ഒരു അനൗദ്യോഗിക സംഘടനയാണെന്നും അതിന് അംഗത്വമോ അക്കൗണ്ടോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനയില്‍ അംഗമായ നാഥുറാം ഗോഡ്‌സെയെ പോലെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ അവരെ ആര്‍.എസ്.എസ് തങ്ങളുടെ ഭാഗമായി അംഗീകരിക്കില്ലെന്നും എല്ലായിടത്തും കടന്നുകയറാന്‍ അവര്‍ മടിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം ജാമ്യം നല്‍കാത്തതിനെയും അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയും വിമര്‍ശിച്ചുകൊണ്ട് ഉമര്‍ഖാലിദിന്റെ പിതാവ് എസ്.ക്യു.ആര്‍ ഇല്യാസും രംഗത്തെത്തിയിരുന്നു.

‘ഉമര്‍ഖാലിദിന്റേതടക്കമുള്ള ഭീമാകൊറേഗാവ്, ഗള്‍ഫിഷ എന്നീ കേസുകളിലെല്ലാം അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് യു.എ.പി.എ നിയമമാണ്. ഈ നിയമം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ചുമത്തുന്നതാണ്. എന്നാല്‍ നിലവില്‍ സാധാരണക്കാര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. ബി.ജെ.പി, പി.ഒ.ടി.എ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് അത് റദ്ദാക്കി. എന്നാല്‍ പിന്നീട് അതിനെല്ലാം പകരമായി ബി.ജെ.പി യു.എ.പി.എ കൊണ്ടുവരികയായിരുന്നു,’ എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ പ്രതിയായി ആരോപിക്കപ്പെട്ടയാള്‍ നിരപരാധി ആണെന്നറിയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാത്തതിനെതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ പേരുകള്‍ ഉപയോഗിക്കുന്ന ദല്‍ഹി പൊലീസിനെയും അദ്ദേഹം പരിഹസിച്ചു.

ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ദിപങ്കര്‍ ഭട്ടാചാര്യ, നടി സ്വര ഭാസ്‌ക്കര്‍, സ്റ്റാന്റപ്പ് കോമിക് കുനാല്‍ കമ്ര, സഞ്ജയ് രജൗറ എന്നിവരും ഐക്യദാര്‍ഢ്യം അറിയിച്ചു.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 53 പേരുടെ മരണത്തിനിടയായ കലാപത്തിന്റെ നേതാക്കളാണെന്നാരോപിച്ചാണ് ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ളവരെ യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കുന്നത്. പൗരത്വ നിയമത്തിനെതിരായ സംഘര്‍ഷത്തോടനുബന്ധിച്ചാണ് ദല്‍ഹിയില്‍ കലാപം ഉണ്ടായത്.

content highlight: congress leader digvijay sing says anti muslim sentiment of rss is the reason why activists including umarkhalid did not get bail

We use cookies to give you the best possible experience. Learn more