കഴിഞ്ഞ തവണ ഗോവയില്‍ കൈവിട്ടത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ തന്ത്രം ഇങ്ങനെ
national news
കഴിഞ്ഞ തവണ ഗോവയില്‍ കൈവിട്ടത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ തന്ത്രം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th August 2020, 6:41 pm

പനാജി: ഗോവയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേക്കാള്‍ നാല് സീറ്റ് അധികം നേടിയിട്ടും അധികാരം കൈവിട്ടുപോകുന്നത് നോക്കി നില്‍ക്കാനെ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുള്ളൂ. ഇക്കുറി അത് ആവര്‍ത്തിക്കരുത് എന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കമ്മത്ത്. അതിനുള്ള തന്ത്രവും കമ്മത്ത് പങ്കുവെച്ചു.

2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സമാനമനസ്‌ക്കരായ മുഴുവന്‍ പാര്‍ട്ടികളെയും ബി.ജെ.പിയ്‌ക്കെതിരെ അണിനിരക്കണമെന്നാണ് കമ്മത്തിന്റെ അഭിപ്രായം. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എന്‍.സി.പി എന്നിവരെയെല്ലാം സഖ്യത്തില്‍ അണിനിരത്തണമെന്നാണ് കമ്മത്ത് നിര്‍ദേശിക്കുന്നത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുമ്പില്‍ താന്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സഖ്യം തന്നെ വേണമെന്നില്ല പക്ഷെ സീറ്റ് ധാരണയെങ്കിലും വേണമെന്നും കമ്മത്ത് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചിരുന്നു. ബി.ജെ.പിക്ക് 13 സീറ്റാണ് ലഭിച്ചിരുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.

കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരെയും പ്രാദേശിക പാര്‍ട്ടികളിലെ എം.എല്‍.എമാരെയും പാര്‍ട്ടിയിലെത്തിച്ച് ബി.ജെ.പി അധികാരം പോവാതെ സംരക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ പ്രാദേശിക പാര്‍ട്ടികളൊക്കെ തന്നെ ഇനി ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ്. ഈ നിലപാടിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ