ബി.ജെ.പി നിയമസഭ അശുദ്ധമാക്കി; ഗോമൂത്രം ഉപയോഗിച്ച് ശുദ്ധി വരുത്തി ഞങ്ങള്‍ അവിടെ ഗണേശ് ഭഗവാനെ പ്രതിഷ്ഠിക്കും: ഡി.കെ. ശിവകുമാര്‍
national news
ബി.ജെ.പി നിയമസഭ അശുദ്ധമാക്കി; ഗോമൂത്രം ഉപയോഗിച്ച് ശുദ്ധി വരുത്തി ഞങ്ങള്‍ അവിടെ ഗണേശ് ഭഗവാനെ പ്രതിഷ്ഠിക്കും: ഡി.കെ. ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 8:45 am

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷപ്രസ്താവനയുമായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. ബി.ജെ.പി ഭരണത്തിലെ അഴിമതി മൂലം നിയമസഭ അശുദ്ധമായെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ ഗോമൂത്രം ഉപയോഗിച്ച് സഭക്ക് ശുദ്ധി വരുത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.

അടുത്ത 40-45 ദിവസത്തേക്ക് കൂടിയേ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാവുകയുള്ളുവെന്നും
നിയമസഭയില്‍ നിന്നും ഇറങ്ങിപോകാന്‍ തയ്യാറായിക്കോളൂ എന്നും ശിവകുമാര്‍ ബി.ജെ.പിയോട് പറഞ്ഞു.

മെയ് മാസത്തിന് മുമ്പ് തന്നെ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

‘ഇന്ന് എത്രാം തീയതിയായി? 24 അല്ലേ, ഇനി കൂടിപ്പോയാല്‍ ഒരു 40-45 ദിവസം കൂടിയേ അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ കാണൂ. എല്ലാവരും കെട്ടുകെട്ടി പോകാന്‍ തയ്യാറായിക്കോളൂ. ഈ സര്‍ക്കാര്‍ ഒന്ന് അധികാരത്തില്‍ നിന്ന് പുറത്താകാന്‍ ജനങ്ങള്‍ അത്രയധികം ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവരെ ജനങ്ങള്‍ ഓടിച്ച് വിടും.

കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ നിയമസഭ ഡെറ്റോള്‍ ഉപയോഗിച്ച് വൃത്തിയാക്കും. ഞാന്‍ ഗോമൂത്രത്തിന് വേണ്ടിയും ചോദിച്ചിട്ടുണ്ട്. അത് ഉപയോഗിച്ച് വൃത്തിയാക്കി, ശുദ്ധി വരുത്തി ഗണേശ ഭഗവാനെയും പ്രതിഷ്ഠിച്ച് ആരാധന നടത്തും,’ ഡി.കെ. ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുകൊണ്ട് കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ ലോകായുക്തക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാര്‍ പ്രതികരണവുമായി രംഗത്തുവന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നര വര്‍ഷത്തില്‍ എന്തുകൊണ്ടാണ് ബി.ജെ.പി ഇത്തരമൊരു ആരോപണമോ പരാതിയുമായി രംഗത്തുവരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടാതിരുന്നതെന്നും കൂടി ശിവകുമാര്‍ ചോദ്യമുന്നയിച്ചു.

Content Highlight: Congress Leader D K Shivkumar says BJP polluted Vidhan Sabha and Congress will purify it with Gomutra once back in power