തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെയുള്ള എല്ലാ ഘടകത്തിലും മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
പല ജില്ലകളിലും ഇപ്പോള്‍ സി.പി.ഐ.എം വിഭാഗീയത ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറയുന്നത്.
മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.ഐ.എം സഹയാത്രികരായിട്ടുള്ളതെന്നും ഇവര്‍ മുഖാന്തരമാണ് പാര്‍ട്ടി വര്‍ഗീയ പ്രീണന നയം നടപ്പിലാക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.
‘ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.ഐ. എമ്മിന് തിരിച്ചടിയായിട്ടുണ്ട്. വര്‍ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.ഐ.എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്,’ പോസ്റ്റില്‍ പറയുന്നു.
പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തിലുണ്ടെന്നും ഇവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സി.പി.ഐ.എം ഘടകങ്ങളില്‍ മതതീവ്രവാദികള്‍:
ചെറിയാന്‍ ഫിലിപ്പ്
സി.പി.ഐ.എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പല ജില്ലകളിലും ഇപ്പോള്‍ സി.പി.ഐ.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്.
മതസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.ഐ.എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സി.പി.ഐ.എം വര്‍ഗീയ പ്രീണന നയം നടപ്പാക്കുന്നത്.
ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.ഐ. എമ്മിന് തിരിച്ചടിയായിട്ടുണ്ട്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.ഐ.എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം.വി. ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം.
പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല.