തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ കൃഷ്ണകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് അന്യായമായാണ് ഭര്‍ത്താവിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം.
‘മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് മംഗലാപുരം തോന്നയ്ക്കലില്‍ വെച്ച് തിരുവന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കിച്ചു ഏട്ടനെ അന്യായമായി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കുകയും ഇപ്പോള്‍ കഠിനംകുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്,’ ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ എഴുതി.
കൃഷ്ണകുമാറിന്റേത് കരുതല്‍ തടങ്കലെന്നാണ് പൊലീസ് പറയുന്നത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കൃഷ്ണ കുമാറിനെ കഠിനം കുളം സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടികളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സ്വാഗതസംഘം ഭാരവാഹികളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കാനും അനുമതിയുള്ളത്. മുഖ്യമന്ത്രിക്ക് നേരെ മുമ്പ് പ്രതിഷേധം നടത്തിയവര്‍ അടക്കമുള്ളവരെ നേരത്തെ സ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. തോന്നയ്ക്കല്‍ കുമാരനാശന്‍ 150-ാം ജന്മവാര്‍ഷിക പരിപാടിക്കിടെയാണ് സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.
CONTENT HIGHLIGHTS: Congress leader Bindukrishna reacts to the arrest of her husband Krishnakumar