| Thursday, 29th March 2012, 7:44 pm

പാലിയേക്കര ടോള്‍കമ്പനിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഓഹരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനിടയിലും പാലിയേക്കരയില്‍ ടോള്‍കൊള്ള നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ സംസ്ഥാനത്തെ സമുന്നതനായ കോണ്‍ഗ്രസ് നേതാവിന് ബിനാമി ഓഹരി.  ശക്തമായ എതിര്‍പ്പിനിടയിലും ടോളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ നേതാവാണ്.

ഈ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് പാലിയേക്കര ടോള്‍ വിരിവ് വിഷയവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിട്ടിയിലും കേന്ദ്ര സര്‍ക്കാറിലും സ്വാധീനം ചെലുത്തുന്നത്. കേന്ദ്ര സര്‍ക്കാറില്‍ ഇദ്ദേഹത്തിലുള്ള സ്വാധീനം കാരണമാണ് നാഷണല്‍ ഹൈവേ അതോറിട്ടി ടോള്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് ആരോപണമുണ്ട്. കോണ്‍ഗ്രസിലെ പ്രമുഖ എം.പിയും ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. പാലിയേക്കര പ്രതിഷേധ സമരത്തെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താന്‍ ഇവരുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമവും നടക്കുന്നുണ്ട്.

നേരത്തെ പാലിയേക്കരയില്‍ ടോള്‍ പിരിവുണ്ടാവുകയില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്ന ഉറപ്പ്. ടോള്‍ കമ്പനിയില്‍ ഓഹരിയുള്ള നേതാവിന് അടികൊടുക്കുകയെന്ന ലക്ഷ്യവും അന്ന് ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ കോണ്‍ഗ്രസ് നേതാവ് ശക്തമായി ഇടപെട്ടതോടെ മുഖ്യമന്ത്രിക്ക് ഉറപ്പില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരികയും സര്‍ക്കാര്‍ ചെലവില്‍ പോലീസ് സംരക്ഷണത്തോടെ ടോള്‍ പിരിക്കാന്‍ അവരസരമൊരുങ്ങുകയുമായിരുന്നു. ടോള്‍ പിരിവ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ നേതൃത്വത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് സി.പി.ഐ.എം നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ഓഹരിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ യോഗം.

യോഗത്തില്‍ വെച്ച് ടോള്‍ കമ്പനിക്ക് വേണ്ടി സി.പി.ഐ.എം, കോണ്‍ഗ്രസ് എം.പി മാരെയും എം.എല്‍.എമാരെയും വിലക്കെടുക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഈ യോഗത്തില്‍ വെച്ചാണ് ടോള്‍പിരിവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മറികടന്ന് ഇവര്‍ക്ക് തീരുമാനവുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയത് ഈ കോണ്‍ഗ്രസ് നേതാവാണെന്നും ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് നേതാവിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് ടോള്‍വിരുദ്ധ സമരസമിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സി.ആര്‍ നീലകണ്ഠനും വ്യക്തമാക്കുന്നുണ്ട്. ” ടോള്‍ കൊള്ളയുടെ വിഹിതം ചെറിയ തോതില്‍ പറ്റുന്നവര്‍ പലരുണ്ട്. പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും പോലീസുകാരും ചില മാധ്യമങ്ങള്‍ പോലും അതിലുണ്ടാകാം. എന്നാല്‍ ഈ കമ്പനിയില്‍ ഓഹരി പങ്കാളിത്തം (ഒളിവില്‍) ഉള്ള കേരളത്തിലെ ഒരു കോണ്ഗ്രസ് നേതാവുണ്ട്. അതാരാണെന്നു അന്വേഷണാത്മകര്‍ കണ്ടുപിടിക്കുക”- സി.ആര്‍. തന്റെ ഫെയ്‌സ് ബുക്ക് വാളില്‍ ഇങ്ങിനെ പറയുന്നു.

മണ്ണൂത്തി-അങ്കമാലി റോഡില്‍ ഈ സ്വകാര്യ കമ്പനി മുതലിറക്കിയത് 315 കോടി രൂപയാണ്. എന്നാല്‍ ടോള്‍ വഴി പിരിച്ചെടുക്കുന്നത് 12,500 കോടി രൂപയും. ഭീമമായ തുക ടോള്‍ പിരിച്ചാണ് കമ്പനി വന്‍ ലാഭം കൊയ്യുന്നത്. ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരാഹാര സമരം നക്കുകയാണ്.

അതേസമയം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ സാംസ്‌കാരി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കാനും അറസ്റ്റുള്‍പ്പെടെ വരിക്കാനും അവര്‍ അഹ്വാനം ചെയ്യുന്നുണ്ട്. ദേശീയപാതാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സാംസ്‌കാരിക സംഗമം ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളില്‍ നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more