| Thursday, 21st May 2020, 10:47 am

'ഹിന്ദു വികാരം വൃണപ്പെടുത്തി'; യോഗിയെ വിമര്‍ശിച്ചതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ഹരിയാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ഹരിയാന പൊലീസ്. ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് പങ്കജ് പുനിയയ്ക്ക് എതിരെയാണ് നടപടി.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയെ ചൂണ്ടിക്കാണിച്ചായിരുന്നു പുനിയ ട്വീറ്റ് ചെയ്തത്.

‘അതിഥി തൊഴിലാളികളെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ അതില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കുന്നു. കാവി ധരിച്ചെത്തുന്ന സംഘികള്‍ക്ക് മാത്രമേ ഈ മെല്ലെപ്പോക്കിന് കഴിയൂ’, എന്നായിരുന്നു പുനിയ പറഞ്ഞത്.

വിവാദമായതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഒരു മതത്തെയും താന്‍ ഉന്നംവെച്ചിട്ടില്ലെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് പുനിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു വികാരം വൃണപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ഇദ്ദേഹത്തെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

2003 മുതല്‍ എ.ഐ.സി.സിയില്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്ന നേതാവാണ് പുനിയ. 2018ല്‍ എ.ഐ.സി.സിയിലേക്ക് ഇദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2015ല്‍ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായും 2008ല്‍ വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more