national news
ഹിന്ദുത്വ പരാമര്‍ശം; സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ നാക്ക് മുറിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാക്ക് മുറിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് ഗംഗ റാം ശര്‍മ. ‘ഹിന്ദുത്വം ഒരു തട്ടിപ്പാണ്’ എന്ന് സ്വാമി പ്രസാദ് മൗര്യ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാക്ക് മുറിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പണ്ഡിറ്റ് ഗംഗ റാം ശര്‍മ പ്രഖ്യാപിച്ചിരിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് ഹിന്ദുത്വത്തെ അപമാനിച്ചുവെന്നും മതഗ്രന്ഥമായ രാമചരിത്മനസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും മൊറാദാബാദിലെ കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വകുപ്പ് ചെയര്‍മാനായ പണ്ഡിറ്റ് ഗംഗ റാം ശര്‍മ പറഞ്ഞു. പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഹിന്ദുത്വത്തെ തട്ടിപ്പെന്നും വഞ്ചനയെന്നും മൗര്യ വിശേഷിപ്പിച്ചത്. സമൂഹത്തിലെ എല്ലാ അസമത്വങ്ങള്‍ക്കും കാരണം ബ്രാഹ്‌മിണിസം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ബ്രാഹ്‌മിണിസത്തിന്റെ വേരുകള്‍ ഏറെ ആഴത്തിലുള്ളതാണ്. എല്ലാ അസമത്വങ്ങള്‍ക്കും കാരണം ബ്രാഹമിണിസമാണ്. ഹിന്ദുവെന്ന് വിളിക്കപ്പെടുന്ന ഒരു മതമില്ല. ഹിന്ദുത്വമെന്ന് പറയുന്നത് ഒരു തട്ടിപ്പാണ്. രാജ്യത്ത് ബ്രാഹ്‌മണ മതത്തെ ഹിന്ദുമതമായി വിശേഷിപ്പിച്ചുകൊണ്ട് ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷ വിഭാഗത്തെയും കുടുക്കാനൊരു ഗൂഡാലോചന നടക്കുന്നുണ്ട്. ഹിന്ദു മതമുണ്ടായിരുന്നെങ്കില്‍, ആദിവാസികളെ ബഹുമാനിക്കുമായിരുന്നു, ദളിതരെ ബഹുമാനിക്കുമായിരുന്നു, ന്യൂനപക്ഷ വിഭാഗക്കാരെ ബഹുമാനിക്കുമായിരുന്നു, എന്നാല്‍ ഇത് എന്തൊരു വിരോധാഭാസമാണ്, ‘ എന്നായിരുന്നു മൗര്യ എക്‌സില്‍ കുറിച്ചത്.
നേരത്തെ, ജനുവരിയില്‍ ഹിന്ദുമതഗ്രന്ഥമായ രാമചരിത്മനസ് ഒരബദ്ധമാണെന്നും അത് നിരോധിക്കണമെന്നും മൗര്യ ആവശ്യപ്പെട്ടിരുന്നു. രാമചരിത്മനസ് ശൂദ്രര്‍ക്ക് താഴ്ന്ന ജാതിയാണ് നല്‍കുന്നതെന്നും തുളസീദാസ് തന്റെ സന്തോഷത്തിനായാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൗര്യയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. മൗര്യയുടെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മനോജ് കുനമാര്‍ പാണ്ഡേ പറഞ്ഞിരുന്നു.
Content Highlights: Congress leader announce 10 lack to cut samajvadi party leader tongue