| Monday, 30th January 2023, 11:45 am

ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്കുണ്ടായത്: എ.കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായതെന്നും ആന്റണി പറഞ്ഞു.

യാത്രയുടെ ഒന്നാം ഘട്ടമാണ് അവസാനിച്ചതെന്നും, രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുന്ന ശക്തികളെ തളര്‍ത്തണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ആന്റണി പറഞ്ഞു.

2024ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മതധ്രുവീകരണത്തിന് അന്തരീക്ഷമുണ്ടാക്കുന്ന ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതോടെ മാത്രമാണ് യാത്ര പൂര്‍ത്തിയാവുകയെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായത്. അത് രാഹുല്‍ ഗാന്ധിക്ക് രണ്ടാം ഘട്ടം യാത്രക്ക് നേതൃത്വം നല്‍കാനുള്ള ഊര്‍ജം നല്‍കും. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്,’ ആന്റണി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ വെച്ച് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് എ.കെ. ആന്റണി രംഗത്തെത്തിയത്.

അഞ്ച് മാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും. സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.

എന്നാല്‍, ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പര്യവസാനത്തിലേക്കെത്തുന്നത്.

2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനായിരുന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.

Content Highlight: Congress Leader AK Antony Praising Rahul Gandhi

We use cookies to give you the best possible experience. Learn more