മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍. രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.പി.എ. മജീദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.
”ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് കേരളത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും നഷ്ടമാണ്. ഇന്നത്തെ കേരളം ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലഘട്ടത്തിലാണ്.
ആര്യാടന്റെ അഭാവം, പ്രത്യേകിച്ച് ഇന്നത്തെ കേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. വ്യക്തിപരമായി എനിക്കേറ്റവും ദീര്‍ഘകാലമായി ഹൃദയബന്ധമുണ്ടായിരുന്ന ഒരു ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു,” എ.കെ. ആന്റണി പറഞ്ഞു.
1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു ആര്യാടന്‍.
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതര വാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്മരിച്ചു. 2004 മുതല്‍ 2006 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് പിന്നീട് 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വൈദ്യുതി വകുപ്പ് തന്നെ കൈകാര്യം ചെയ്തിരുന്നു.
മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും ആര്യാടന്‍ മുഹമ്മദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
”മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ലീഗ് എടുത്ത പല നിലപാടുകളിലും അടിസ്ഥാനപരമായി എതിര്‍പ്പുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. അങ്ങനെയുള്ള എതിര്‍പ്പുണ്ടെങ്കില്‍ പോലും യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിലും അതിന്റെ വിജയത്തിനും എല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു അദ്ദേഹം.
വിയോജിപ്പിന് വിയോജിപ്പിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. കോണ്‍ഗ്രസിനകത്തെ അഭിപ്രായ ഭിന്നതകളുടെ ഘട്ടങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു.
ആ നിലപാട് പരസ്യമായി പറയുന്ന കാര്യത്തിലും ഒരിക്കലും പിശക് വന്നിട്ടില്ല. സംയുക്ത പാര്‍ലമെന്റ് യോഗത്തില്‍ വെച്ച് ആര്യാടന്‍ മുഹമ്മദ് കരുണാകരനുമായി നേരിട്ട് സംവദിച്ചതും സംസാരിച്ചതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. അത് കാര്‍ക്കശ്യമുള്ള നിലപാടാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കുന്നതിലും അത് ശക്തിപ്പെടുത്തുന്നതിലും അതിശക്തമായ നിലപാട് സ്വീകരിച്ചയാളാണ്.
നിലമ്പൂര്‍ എന്ന് പറയുന്നത് സി.പി.ഐ.എമ്മിന്റെ ഒരു പ്രധാന ശക്തികേന്ദ്രമായിരുന്നു. അവിടെ സി.പി.ഐ.എമ്മിന് വേരുറക്കാന്‍ പോലും കഴിയാത്ത രീതില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് നിദാനമായത് ആര്യാടന്റെ പ്രവര്‍ത്തനങ്ങളാണ്.
അദ്ദേഹത്തിന്റെ നിര്യാണം യു.ഡി.എഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിന് വലിയൊരു നഷ്ടമാണെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്ത വ്യക്തിയെന്ന നിലയില്‍ അത് വലിയ നഷ്ടം തന്നെയാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഞാനും എന്റെ പാര്‍ട്ടിയും അനുശോചനം രേഖപ്പെടുത്തുന്നു,” കെ.പി.എ. മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
സഖ്യ കക്ഷിയായ മുസ്‌ലിം ലീഗിനെതിരെയും ലീഗ് നേതാക്കള്‍ക്കെതിരെയും നിരവധി തവണ പരസ്യമായ നിലപാടുകളെടുത്തിരുന്ന നേതാവ് കൂടിയാണ് ആര്യാടന്‍ മുഹമ്മദ്. അതേസമയം മലപ്പുറം ജില്ലയിലെ ലീഗ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും അദ്ദേഹം മുന്‍പന്തിയില്‍ നിന്നിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അല്‍പസമയം മുമ്പായിരുന്നു ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഗുരുതരാവസ്ഥയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നിലമ്പൂരില്‍ വെച്ച് നടക്കും.
1977 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദ് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. 1980 നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു.
1935ല്‍ നിലമ്പൂരില്‍ ജനിച്ച ആര്യാടന്‍ മുഹമ്മദ് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെയും സി.കെ. ഗോവിന്ദന്‍ നായരുടെയും പ്രസംഗങ്ങലിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി.
സി.കെ. ഗോവിന്ദന്‍ നായരുടെ ശിഷ്യനായി കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനായതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ആര്യാടന്‍ മുഹമ്മദ് നിരവധി തവണ പറഞ്ഞിട്ടുണ്ട്.
1952ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമാകുന്നത്. 1960 കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1962 കെ.പി.സി.സി അംഗമായ അദ്ദേഹം 1969ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തോടെ ഡി.സി.സി പ്രസിഡന്റായി.
തൊഴിലാളി യൂണിയനുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ആര്യാടന്‍ മുഹമ്മദ് വിവിധ ട്രേഡ് യൂണിയനുകളുടെ തലപ്പത്തും ഇരുന്നിട്ടുണ്ട്.
1969ല്‍ സഖാവ് കുഞ്ഞാലി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായി ജയിലിലായ ആര്യാടന്‍ മുഹമ്മദിനെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Content Highlight: Congress leader AK Antony and Muslim League leader KPA Majeed remembers Aryadan Muhammed