ന്യൂദല്‍ഹി: ആഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രധാനമന്ത്രിയുടേത് തെറ്റായ സന്ദേശമാണെന്നും വിഭാഗീതയതയും വിദ്വേഷവും വളര്‍ത്താന്‍ അവസരമൊരുക്കുന്നതാണിതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണി പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രധാനമന്ത്രിയില്‍ നിന്നും ഇങ്ങനെയൊരു സന്ദേശമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമായി. രാജ്യത്തിലെ ജനങ്ങള്‍ക്ക് തികച്ചും തെറ്റായ സന്ദേശമാണിത് നല്‍കുന്നത്.
ഇന്ത്യാ വിഭജനം തീര്‍ച്ചയായും ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ അധ്യായമാണ്. അന്നത്തെ വിഭജനത്തിന്റെ മുറിവുകളും കഷ്ടപ്പാടും വിദ്വേഷവുമെല്ലാം ഓര്‍മ്മപ്പെടുത്തി, രാജ്യത്ത് വീണ്ടും വിദ്വേഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുള്ള അവസരമായിരിക്കും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊടുക്കാന്‍ പോകുന്നത്.
രാജ്യത്തെ ജനങ്ങളിലുണ്ടായ മുറിവുകളുണക്കി യോജിപ്പിച്ചു കൊണ്ടുപോകാന്‍ ബാധ്യസ്ഥനായ പ്രധാനമന്ത്രിയില്‍നിന്നും ഇതുപോലെ വിഭാഗീയത വളര്‍ത്തുന്ന സന്ദേശം സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസമുണ്ടായത് അത്യന്തം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
എത്ര പഞ്ചസാര പുരട്ടിയായാലും പഴയ മുറിവുകളെല്ലാം ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയാണെന്ന് എനിക്ക് അഭിപ്രായമില്ല,’ എ.കെ. ആന്റണി പറഞ്ഞു.
വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും മറക്കാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇനി മുതല്‍ ആഗസ്റ്റ് 14 വിഭജനഭീതികളുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്നുമായിരുന്നു മോദിയുടെ പ്രഖ്യാപനം. ട്വിറ്ററിലൂടെയായിരുന്നു പുതിയ ദിനാചാരണത്തെ കുറിച്ച് മോദി അറിയച്ചത്.
വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.
‘നമ്മുടെ ജനങ്ങളുടെ സഹനത്തിന്റെയും ദുരിതങ്ങളുടെയും ഓര്‍മ്മയില്‍ ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ ദിനാചരണം വിഭജനത്തിന്റെയും ഐക്യമില്ലായ്മയുടെയും വിഷം നമ്മുടെ സമൂഹത്തില്‍ നിന്നും മാറ്റിയെടുക്കാനും ഐക്യത്തിന്റെയും സാമൂഹ്യ സൗഹാര്‍ദത്തിന്റെയും മനുഷ്യശക്തിയുടെയും ഊര്‍ജം വളര്‍ത്താനും സഹായകരമാകട്ടെ,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.
ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress leader A K Antony against P M Narendra Modi over observing August 14 as Partition Horrors Remembrance Day