| Tuesday, 6th November 2018, 12:58 pm

കോണ്‍ഗ്രസ്- ജെ.ഡി.എസ് കുതിപ്പില്‍ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് 15 വര്‍ഷത്തെ ബി.ജെ.പി ഭരണം; വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയുടെ വിജയക്കുതിപ്പോടെ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പി യുഗം. 1999നുശേഷം ഇതാദ്യമായാണ് ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്.

രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ജയമെന്നത് ബി.ജെ.പി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

1999ല്‍ വിജയിച്ച സോണിയാ ഗാന്ധിയായിരുന്നു ബെല്ലാരിയില്‍ അവസാനമായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2004ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കരുണാകര റെഡ്ഡിയാണ് ബെല്ലാരിയില്‍ ബി.ജെ.പി യുഗത്തിന് തുടക്കം കുറിച്ചത്. പിന്നീട് 2009ലും 2014 ലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു.

Also Read:“അടിച്ചു കൊല്ലെടാ അവളെ”; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്

മുസ്‌ലീങ്ങള്‍, കുറുംബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവരുടെ വലിയ ശതമാനം വോട്ട് ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍.

മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബി.എസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Also Read:എന്റെ മകന്റെ മരണത്തെക്കുറിച്ച് മനുഷ്യത്വം തീണ്ടാതെ ജനാര്‍ദ്ദറെഡ്ഡി സംസാരിച്ചതിനുള്ള ശാപമാണിത്; ബെല്ലാരിയിലെ വിജയത്തെക്കുറിച്ച് സിദ്ധരാമയ്യ

ബെല്ലാരിയിലെ തോല്‍വിയില്‍ ഞെട്ടിയിരിക്കുകയാണ് നേതൃത്വം. തെരഞ്ഞെടുപ്പു ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ റെഡ്ഡി കുടുംബത്തിലെ ഒരു അംഗം പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ബി.ജെ.പി നേതാക്കളും മാധ്യമങ്ങള്‍ക്കു മുഖം കൊടുക്കാതെയിരിക്കുകയാണ്.

അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന ബി.ജെ.പി നേതൃത്വത്തെ വിറപ്പിച്ചിരിക്കുകയാണ് ബെല്ലാരിയിലെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം.

We use cookies to give you the best possible experience. Learn more