| Thursday, 25th July 2019, 9:31 am

പൂര്‍ണ്ണമായി ബി.ജെ.പിയെ ഏല്‍പ്പിച്ച് മടങ്ങാനില്ല, കര്‍ണാടകയില്‍ കളം വിടാതെ കോണ്‍ഗ്രസ്-ജെ.ഡി.എസ്; പ്രതീക്ഷകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവാതെ രാജിവെച്ചിരുന്നു. വിശ്വാസ വോട്ടില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് വീണ്ടും മുഖ്യമന്ത്രിയായി വരിക എന്നത് അത്ര എളുപ്പമുള്ളതല്ല നിലവിലെ അവസ്ഥ. അതിനാല്‍ തന്നെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം സംസ്ഥാനത്ത് പ്രതീക്ഷ പൂര്‍ണ്ണമായി കൈവിട്ടിട്ടില്ല.

വിമതരായ 15 എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ ഇപ്പോഴും സ്പീക്കര്‍ തീരുമാനമെടുക്കാത്തതിലാണ് സഖ്യത്തിന്റെ പ്രതീക്ഷ. വിമത നീക്കത്തിന് നീക്കം നല്‍കിയ രമേഷ് ജര്‍ക്കിഹോളി, മഹേഷ് കുംതവല്ലി, ആര്‍. ശങ്കര്‍ എന്നീ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ അയോഗ്യരാക്കിയാല്‍ മറ്റ് എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് സഖ്യം പ്രതീക്ഷിക്കുന്നു. ഇവര്‍ മടങ്ങിയെത്തി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ യെദ്യൂരപ്പക്ക് വിശ്വാസ വോട്ട് നേടാന്‍ ഇപ്പോഴുള്ള എം.എല്‍.എമാരുടെ പിന്തുണ പോരാതെ വരും. അതിനാല്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ജനതാദളും ശ്രമിക്കുന്നത്.

അതേ സമയം യെദ്യൂരപ്പയോട് തിരക്ക് പിടിച്ച് നീക്കങ്ങളൊന്നും നടത്തേണ്ടതില്ല എന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്ന നിര്‍ദേശം. വിശ്വാസ വോട്ടില്‍ വിജയിക്കുമെന്ന് ഉറപ്പുള്ള അവസ്ഥ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടായില്ലെങ്കില്‍ പുതുതായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരുണ്ടാക്കാണ് ബി.ജെ.പി കേന്ദ്രനേതൃത്വം അവസാനമായി പറഞ്ഞിട്ടുള്ളത്.

യെദ്യൂരപ്പയ്ക്ക് കേന്ദ്രനേതൃത്വത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് എന്ന നിലപാടിനോട് താല്‍പര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവസാന അവസരം കാത്ത് നില്‍ക്കുന്ന യെദ്യൂരപ്പക്ക് തെരഞ്ഞെടുപ്പിലേക്ക് പോവാതിരിക്കാനാണ് താല്‍പര്യം. തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ നിലവില്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന വിമത എം.എല്‍.എമാരുടെ നിലപാടിലും മാറ്റമുണ്ടായേക്കാമെന്ന് യെദ്യൂരപ്പക്കും ഭയമുണ്ട്.

We use cookies to give you the best possible experience. Learn more