ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 2,709 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 988 സീറ്റുകളില്‍ കോണ്‍ഗ്രസും 929 സീറ്റുകളില്‍ ബി.ജെ.പിയും 378 സീറ്റുകളില്‍ ജനതാദള്‍ എസും വിജയിച്ചു. നിലവില്‍ 2,628 സീറ്റുകളിലെ ഫലമാണ് പുറത്തു വന്നത്.
മറ്റ് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കര്‍ണാടക ഭരണത്തില്‍ സഖ്യത്തിലാണെങ്കിലും കോണ്‍ഗ്രസും ജെഡിഎസും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് സഖ്യമില്ലാതെയാണ് മത്സരിച്ചത്. നിലവില്‍ വിജയിച്ച സീറ്റുകളുമായി തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യം തുടര്‍ന്നാല്‍ മിക്കയിടത്ത് നിന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താനാകും.
Read Also : കേരളത്തിന് കൈത്താങ്ങാവാന്‍ ബോളിവുഡും; ദുരിതാശ്വാസത്തിനായി വമ്പന്‍ താരനിശയൊരുങ്ങുന്നു
നഗര പ്രദേശങ്ങളിലൊഴികെ ബി.ജെ.പിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായത്. തുംകൂര്‍, മൈസുരു കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി എറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ത്താല്‍ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കേണ്ടിവരും.
ബല്ലാരി, ബിദാര്‍, ഗദാഗ്, ഹവേരി, കലബുറഗി, കൊപ്പല്‍, മൈസുരു, റെയ്ച്ചുര്‍, ഉത്തര കന്നഡ, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പരമ്പരാഗത ശക്തികേന്ദ്രമായ ഹസന്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജെ.ഡി.എസിന് മേധാവിത്വം നിലനിര്‍ത്താന്‍ സാധിച്ചു.
അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഷിമോഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പിക്ക് ലഭിക്കും.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമല്ല ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.