ബെംഗളുരു:അത്യന്തം നാടകീയ നീക്കങ്ങള്‍ കണ്ട കര്‍ണാടകയില്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും യോജിപ്പിച്ച കരുനീക്കത്തിന് പിന്നില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന് സൂചന. ആര്‍ക്കും കേവല ഭൂരിപക്ഷം തികക്കാനാവാതെവന്നാല്‍ ജെ.ഡി.എസിനെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിങ്കളാഴ്ച രാത്രി തന്നെ എച്ച്.ഡി ദേവഗൗഡയുമായും സോണിയാ ഗാന്ധിയുമായും യെച്ചൂരി ചര്‍ച്ച നടത്തിയിരുന്നു.
കര്‍ണാടകയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലുള്ള സാധ്യത പ്രധാന പാര്‍ട്ടികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങനെ വന്നാല്‍ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് യെച്ചൂരി ദേവഗൗഡയുമായി സംസാരിച്ചത്. മതേതര ചേരിയില്‍ നില്‍ക്കണമെന്നായിരുന്നു യെച്ചൂരിയുടെ ആവശ്യമെന്ന് ന്യൂസ് 18 നാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അങ്ങനെ ഒരു സാഹചര്യം വന്നാല്‍ കോണ്‍ഗ്രസ് ആദ്യം പിന്തുണ അറിയിക്കണമെന്നായിരുന്നു ദേവഗൗയുടെ വ്യവസ്ഥ. തുടര്‍ന്ന് ദേവദൗഡയുടെ മകന്‍ കുമാര സ്വാമിയുമായും മറ്റൊരു മകന്‍ രേവണ്ണയുമായും യെച്ചൂരി സംസാരിച്ചു. ഈ വിവരം കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ സോണിയാ ഗാന്ധിയെ അറിയിച്ചു. ദേവഗൗഡയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും അഷോക് ഗെഹ്‌ലോട്ടിനെയും ഗൗഡയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തി. ഇവര്‍ ദേവഗൗഡയുമായും കുമാര സ്വാമിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇരു പാര്‍ട്ടികളും ഒന്നിച്ച് നിന്നാല്‍ തന്നെ ഭൂരിപക്ഷമാകും എന്ന സൂചന വന്നതോടെ സംഖ്യ സാധ്യത സജീവമായി.
തുടര്‍ന്ന് ഗുലാം നബിയും അഷോക് ഗെഹ്‌ലോട്ടും ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചര്‍ച്ച നടത്തി സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
അതേസമയം കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമം തുടരുകയാണ്. ബി.ജെ.പിയുടെ കുതിരച്ചവടത്തെ തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയും സ്ഥലത്ത് നിന്ന് മാറ്റിയും ജെ.ഡി.എസും കോണ്‍ഗ്രസും രംഗത്തെത്തി.
കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. രാഷ്ട്രീയ കരുനീക്കത്തിനായി അമിത് ഷായുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം കര്‍ണാടകയില്‍ എത്തിയിട്ടുണ്ട്.