ബെംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശക്തമായ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിന്റെ ശ്രമം. നിലവില്‍ ബി.ജെ.പിയോട് ചായ് വ് പ്രകടപ്പിക്കുന്ന വിമത എം.എല്‍.എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞടെുപ്പില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയതോടെയാണ് അസ്വാരസ്യങ്ങളുണ്ടായിരുന്നു കര്‍ണാടക സര്‍ക്കാറില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാവുന്നത്. ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ രണ്ടു വിമത എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു.
ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദവിയില്‍ അസംതൃപ്തരായ കോണ്‍ഗ്രസിലെ ഏഴോളം എം.എല്‍.എമാരില്‍ പെട്ട രമേഷ് ജാര്‍കിഹോളി, കെ.സുധാകര്‍ എന്നിവരായിരുന്നു കൃഷ്ണയെ കണ്ടത്.
വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകാതിരിക്കാന്‍ അവരെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് സഖ്യസര്‍ക്കാറിന്റെ തീരുമാനം, സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ ഒന്നും, ജെ.ഡി.എസിന്റെ രണ്ടും മന്ത്രിസ്ഥാനങ്ങള്‍ വിമത എം.എല്‍.എമാര്‍ക്ക് നല്‍കാമെന്നാണ് തീരുമാനം. വിമതരെ ഉള്‍പ്പെടുത്താന്‍ നിലവിലെ അഞ്ചോളം മന്ത്രിമാരോട് രാജ്യ ആവശ്യപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
‘ഇത് മന്ത്രിസഭാ പുന:സംഘടനയല്ല. നിലവില്‍ ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളിലേക്ക് അതൃപ്തരായ എം.എല്‍.എമാരെ ഉള്‍പ്പെടുത്തും’- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നു.
കര്‍ണാടക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28ല്‍ 25 സീറ്റും ബി.ജെ.പി നേടിയ സാഹചര്യത്തില്‍ നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ നിലംപതിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
104 സീറ്റുകളുള്ള ബി.ജെ.പിയാണ് കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസ്(80) ജെ.ഡി.എസുമായി(37) സഖ്യം ചേര്‍ന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.