| Sunday, 2nd August 2020, 6:43 pm

ശ്രീജിത്ത് പണിക്കരെ വേണ്ടെന്ന് കുട്ടികള്‍; കോണ്‍ഗ്രസ് സംഘടന വേദിയില്‍ നിന്ന് ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ച വേദികളില്‍ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കാറുള്ള ശ്രീജിത്ത് പണിക്കരെയും കോണ്‍ഗ്രസ് അനുകൂല ബാലസംഘടനയുടെ വെബിനാറിന് ക്ഷണിച്ചതില്‍ പ്രതിഷേധമറിയിച്ച് കുട്ടികള്‍. കുട്ടികളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ വെബിനാറില്‍ നിന്ന് ശ്രീജീത്ത് പണിക്കരെ ഒഴിവാക്കി.

രാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ള ശ്രീജിത്ത് പണിക്കര്‍ രാഹുല്‍ ഗാന്ധിയെ സ്ഥിരമായി വിമര്‍ശിക്കുന്ന വ്യക്തിയാണെന്നാണ് കുട്ടികള്‍ ആരോപിച്ചത്. അതിനാല്‍ തന്നെ വെബിനാറില്‍ പങ്കെടുപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ശ്രീജിത്ത് പണിക്കരുണ്ടെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തു.

ഓഗസ്ത് 5 മുതല്‍ 19 വരെയാണ് വെബിനാര്‍. 300 കുട്ടികള്‍ക്കാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ 15 വിഷയങ്ങളിലായി 15 വ്യക്തികള്‍ സംസാരിക്കും. കെ മുരളീധരന്‍ എം.പി, എം.എം ഹസന്‍, രമ്യ ഹരിദാസ് എം.പി, വിടി ബല്‍റാം എം.എല്‍.എ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഗായകന്‍ ജി വേണുഗോപാല്‍, നടന്‍ വിനു മോഹന്‍ എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.

രാഷ്ട്രീയേതരം എന്ന് പറഞ്ഞാണ് പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംഘിയാണെങ്കില്‍ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more