| Monday, 2nd December 2019, 7:07 pm

ഇവരെ 'നിര്‍ബലാ'യെന്ന് വിളിക്കുന്നതായിരിക്കും ഉചിതമെന്ന് കോണ്‍ഗ്രസ്; 'സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മനസില്‍ പോലും ചിന്തിക്കാറില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെയും ധനമന്ത്രി നിര്‍മ്മലാ സീതീരാമനെതിരേയും പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനം. രാജ്യത്തെ വളര്‍ച്ച ത്വരിതപ്പെടാന്‍ കാരണം കേന്ദ്രസര്‍ക്കാരിന് ദീര്‍ഘവീക്ഷണം ഇല്ലാത്തതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ധനമന്ത്രിയെ നിര്‍മ്മലാ സീതാരാമന്‍ എന്ന് വിളിക്കുന്നതിലും ഉചിതം നിര്‍ബലാ സീതാരാമന്‍ എന്ന് വിളിക്കുന്നതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ഹിന്ദിയില്‍ ദുര്‍ബലയായ എന്ന അര്‍ത്ഥത്തിലാണ് പ്രതിപക്ഷ എം.പി നിര്‍മ്മലാ സീതാരാമനെ നിര്‍ബല എന്ന് വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അവരെ അനുവദിക്കുന്നില്ലയെന്നതിനെ സൂചിപ്പിച്ചാണ് നിര്‍ബല എന്ന് വിളിച്ചത്.

‘ഞങ്ങള്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നിര്‍മ്മലാ സീതാരാമന്‍ എന്നതിന് പകരം നിര്‍ബലാ സീതാരാമന്‍ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം എന്ന് ചിന്തിക്കാറുണ്ട്. നിങ്ങള്‍ ധനകാര്യമന്ത്രിയാണ്. എന്നാല്‍ സമ്പദ്‌വ്യവസ്ഥയെകുറിച്ച് മനസില്‍ പോലും നിങ്ങള്‍ പറയാറുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈ -സെപ്തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍ നയമാണ് ഇതിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വ്യവസായികള്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ വിമൂകത കാണിക്കുന്നുണ്ടെന്നും അതിന് കാരണം ബി.ജെ.പി സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണെന്നും ചൗധരി ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more