'എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത്'; സദ്ഗുരുവിനെതിരെ ഭാര്യയുടെ കൊലപാതകാരോപണം ഓര്‍മ്മിപ്പിച്ച് ദിവ്യ സ്പന്ദന
national news
'എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത്'; സദ്ഗുരുവിനെതിരെ ഭാര്യയുടെ കൊലപാതകാരോപണം ഓര്‍മ്മിപ്പിച്ച് ദിവ്യ സ്പന്ദന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 8:57 pm

ന്യൂദല്‍ഹി: സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ 22 വര്‍ഷം മുമ്പ് ഉയര്‍ന്ന കൊലപാതകാരോപണം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് ഐ.ടി സെല്‍ അദ്ധ്യക്ഷ ദിവ്യ സ്പന്ദന.

1997 ജനുവരിയില്‍ സദ്ഗുരുവിന്റെ ഭാര്യ വിജയകുമാരി അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ പിതാവ് ടി.എസ് ഗംഗണ്ണ ജഗ്ഗി വാസുദേവിന് വിജയകുമാരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തങ്ങളുടെ സമുദായത്തില്‍ മരിച്ചു കഴിഞ്ഞാല്‍ മൃദദേഹം ദഹിപ്പിക്കില്ലെന്നും എന്നാല്‍ വിജയകുമാരിയുടെ മൃദദേഹം ജഗ്ഗി വാസുദേവ് ദഹിപ്പിക്കുകയാണ് ചെയ്തതെന്നും അന്ന് ഗംഗണ്ണ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.


ആശ്രമത്തിലെ അന്തേവാസിയുമായി ജഗ്ഗിക്ക് ബന്ധമുണ്ടായിരുന്നതായി വിജയകുമാരി അറിഞ്ഞിരുന്നെന്നും ഇത് ജഗ്ഗി മനസ്സിലാക്കിയതിനു ശേഷമാണ് വിജയകുമാരിയുടെ മരണമെന്നും ഗംഗണ്ണ പരാതിയില്‍ പറഞ്ഞിരുന്നു.

ഈ പരാതിയുടെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത ന്യൂ ഇന്ത്യന്‍ എക്സപ്രസിന്റെ പത്രക്കട്ടിംഗ് ഉപയോഗിച്ചാണ് ദിവ്യ സ്പന്ദന ഈ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. ചിത്രത്തോടൊപ്പം “എങ്ങനെയാണിയാള്‍ തെരുവിലൂടെ നടക്കുന്നത് എന്ന്” ദിവ്യ ട്വീറ്റ് ചെയ്തു.

വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തപ്പോള്‍ വിദ്യാര്‍ഥി നേതാക്കള്‍ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് ദിവ്യയുടെ ട്വീറ്റ്.


സദ്ഗുരുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പൊലീസ് ഉപേക്ഷിച്ചിരുന്നു. തന്റെ ഭാര്യ സ്വയം മരിക്കുകയായിരുന്നുവെന്നും അവരെ തന്റെ ഇഷ ഫൗണ്ടേഷനില്‍ എല്ലാ വര്‍ഷവും ഓര്‍മ്മിക്കാറുണ്ടെന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം.

നേരത്തേയും ദിവ്യ സ്പന്ദന സദ്ഗുരുവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കങ്കണ റാവത്തും സദ്ഗുരുവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍ രാജ്യത്തെ ലിബറല്‍ ചിന്താഗതിക്കാര്‍ക്കെതിരെ സദ്ഗുരു കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ദിവ്യയുടെ ചോദ്യം സദ്ഗുരു ഒരു സന്യാസിയാണോ അതോ തെറ്റാണോ എന്നായിരുന്നു.