| Monday, 23rd September 2019, 2:51 pm

'മന്ദി ഓര്‍ തലബന്ദി'യില്‍ വിശ്വാസമര്‍പ്പിച്ച് ഹരിയാന കോണ്‍ഗ്രസ്; സുവര്‍ണ്ണകാലത്തേക്ക് മടങ്ങാനുപകരിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയില്‍ പത്തുവര്‍ഷത്തോളം അധികാരത്തിലിരുന്നതിന് ശേഷമാണ് കോണ്‍ഗ്രസ് 2014ല്‍ അധികാരം ബി.ജെ.പിക്ക് കൈമാറിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് ഇക്കുറി അധികാരത്തിലെത്തുമെന്നാണ് അവകാശപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളവും സംഘടനക്കകത്ത് നേതാക്കന്‍മാര്‍ തമ്മിലുള്ള പോര് ആയിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പാര്‍ട്ടി വിട്ട് പോകും എന്ന് ഭീഷണി മുഴക്കിയ സംഭവം വരെ കഴിഞ്ഞു. അവസാനം ഒത്തുതീര്‍പ്പിലെത്തി കുമാരി ഷെല്‍ജയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയാക്കിയും ഭൂപീന്ദര്‍ സിങ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ഉപയോഗിക്കുന്ന പ്രധാന പ്രചരണ വിഷയം തീരുമാനിച്ചു. രാജ്യത്തെ ‘മന്ദി ഓര്‍ തലബന്ദി’ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

‘മന്ദി ഓര്‍ തലബന്ദി’യെന്നാല്‍ മാന്ദ്യവും അടച്ചുപൂട്ടലും എന്നാണ്. സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പിന്നോട്ടടിയെ മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാരുകളെ ആക്രമിക്കുക എന്നതാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്.

സാമ്പത്തിക മാന്ദ്യത്താല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ പ്രദേശങ്ങളില്‍ ഞാന്‍ മാന്ദ്യത്തെ കുറിച്ചും അടച്ചുപൂട്ടലിനെ കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ പാര്‍ട്ടി ഈ വിഷയങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്- കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. യമുനാനഗര്‍, ജഗദരി, അംബാല, കര്‍നാല്‍, പാനിപത്, ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more