തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസിന് ധാര്‍ഷ്ഠ്യമാണെന്നും രാജസ്ഥാന്‍, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇല്ലാത്ത ശക്തിയുണ്ടെന്ന് കാണിച്ച് മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ തടയുകയാണ് കോണ്‍ഗ്രസ്,’ മുഖ്യമന്ത്രി
‘ബി.ജെ.പിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രിയുടെ ലേഖനം. കോണ്‍ഗ്രസ് പുലര്‍ത്തുന്ന ധാര്‍ഷ്ഠ്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മുഖ്യമന്ത്രി എഴുതി. 2015ലും 2020ലും ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ദല്‍ഹിയില്‍ ആം ആദ്മിയെ വിജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അപ്പോള്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നല്ലേ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന്റെ മറുവശം,’ മുഖ്യമന്ത്രി ചോദിച്ചു.
സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ അതിന് പിന്നിലെ യഥാര്‍ത്ഥ സത്യമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇല്ലാത്ത ശക്തിയുണ്ടെന്ന് കാണിച്ച് മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ തടയുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ ജയിപ്പിച്ചതില്‍ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയശക്തികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചിട്ടില്ല,’ മുഖ്യമന്ത്രി
നയങ്ങള്‍ തുറന്നുകാട്ടുന്നതിലും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിരോധം ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ ചിന്തിപ്പിച്ചുവെന്നും അദ്ദേഹം എഴുതി. മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയശക്തികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി കൂടുതല്‍ നിയമസഭകള്‍ കൈയടക്കിയാല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കുമെന്നും മുഖ്യമന്ത്രി ചോദ്യമുയര്‍ത്തി. രാജ്യസഭയില്‍ മേധാവിത്വം ഉറപ്പിക്കാനും ഭരണഘടന തന്നെ മാറ്റാനുമുള്ള ബി.ജെ.പിയുടെ ലക്ഷ്യങ്ങൾക്ക് അരുനില്‍ക്കുകയല്ലേ കോണ്‍ഗ്രസെന്നും അദ്ദേഹം ചോദിച്ചു.
പ്രാദേശിക കക്ഷികളുമായും ഇടതുപക്ഷമായും കോണ്‍ഗ്രസിന് പല അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകാം. പക്ഷെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത ദല്‍ഹി പോലുള്ള ഒരു സ്ഥലത്ത് എ.എ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ മത്സരിച്ചത് ബി.ജെ.പിക്ക് കോണ്‍ഗ്രസ് ചെയ്ത ഏറ്റവും വലിയ സഹായമായി ചരിത്രം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയും ജനാധിപധ്യവും ഫെഡറല്‍ തത്വങ്ങളും സംരക്ഷിക്കാം അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് കഴിയുന്നത്രെ ഐക്യം ഉണ്ടാകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.
Content Highlight: ‘Congress is tough on other opposition parties opposing BJP’; Chief Minister’s article with criticism