Advertisement
Gujrath Election
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയികള്‍ കോണ്‍ഗ്രസ്സെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 19, 09:09 am
Tuesday, 19th December 2017, 2:39 pm

മുംബൈ: കോണ്‍ഗ്രസ്സ് പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ മികച്ച തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഫലമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസ്സ് ആണെന്നാണ് ശിവസേന അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധാര്‍മിക വിജയം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചുവെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുന്നത്.

വര്‍ഷങ്ങളായി ഗുജറാത്ത ഭരിക്കുന്ന ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നും, കൊട്ടിഘോഷിച്ച ബി.ജെ.പി.യുടെ ഗുജറാത്ത് വികസന മാതൃകയുടെ പരാജയമാണ് ഗുജറാത്ത തെരഞ്ഞെടുപ്പെന്നുമാണ് ശിവസേനാ നേതാക്കള്‍ പറയുന്നത്. മാത്രമല്ല ഗുജറാത്തില്‍ ബി.ജെ.പി.യുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാട്ടുന്നത് എന്നും ശിവസേന വ്യക്തമാക്കി.

നേരത്തേ മുഖപത്രമായ സാമ്‌നയിലുടെ ബി.ജെ.പിക്ക് നേരേ കടുത്ത വിമര്‍ശനമാണ് ശിവസേന ആരോപിച്ചത്. ഗുജറാത്തിലെ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പിനായി ബി.ജെ.പി പ്രചരണത്തിനായുധമാക്കിയത്. വികസനമാതൃകകളെ പറ്റി സംസാരിക്കാന്‍ ആരും തയ്യാറായില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് ഉള്ള നിര്‍ണ്ണായക വെല്ലുവിളിയാണ് ഗുജറാത്ത് ഫലങ്ങളിലൂടെ തെളിയന്നുവെന്ന് ശിവസേന ചൂണ്ടിക്കാട്ടി.