ലഖ്‌നൗ: പിന്നോക്കസമുദായത്തിന്റെ ജാതി സംവരണത്തെ അട്ടിമറിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘എല്ലാ കാലത്തും കോണ്‍ഗ്രസ് സംവരണത്തെ എതിര്‍ത്തു. പിന്നോക്ക സംവരണത്തിന് ഏതെങ്കിലും എതിരാളിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ആണ്. സംവരണത്തിന്റെ മുഖ്യ ശത്രുയായ ലാലു പ്രസാദ് യാദവ് ആ പാര്‍ട്ടിയുടെ മടിയിലും കയറി ഇരിക്കുന്നു,’ എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. സെക്കന്തരാബാദ്, നിസാമാബാദ്, സിര്‍പൂര്‍ കഗസ് നഗര്‍ എന്നിവിടങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വര്‍ഷങ്ങള്‍ ഏറെയായിട്ടും കോണ്‍ഗ്രസ് പിന്നോക്കക്കാര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. നരേന്ദ്ര മോദി സര്‍ക്കാരാണ് പിന്നോക്ക-അതിപിന്നോക്ക
കമ്മീഷന്‍ രൂപികരിച്ചത്,’ അമിത് ഷാ പറഞ്ഞു. മണ്ഡല്‍ കമ്മീഷനെ എതിര്‍ത്ത ആളായിരുന്നു രാജീവ് ഗാന്ധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്ക സമുദായത്തിന്റെ അഭ്യുദയകാംക്ഷിയായി ചുറ്റിനടക്കുന്ന ലാലു പ്രസാദ് യാദവ് ഇതിനെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി ഒരിക്കലും എസ്.ഇ, എസ്.ടി, ഒ.ബി.സി. സംവരണം അവസാനിപ്പിക്കില്ല. കോണ്‍ഗ്രസ് എപ്പോഴും ആളുകളെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും ബി.ജെ.പി 400 സീറ്റ് നേടിയാല്‍ സംവരണം അവസാനിപ്പിക്കുമെന്നുള്ള കോണ്‍ഗ്രസിന്റെ പ്രസ്താവന അസംബന്ധമാണെന്നും അമിത് ഷാ പറഞ്ഞു.
കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്‌ന നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചു. പാവങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു കര്‍പ്പൂരി ഠാക്കൂര്‍. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് അഡല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ മൈഥിലി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ, കണക്കില്‍ പെടാത്ത പണമാണ് അവരുടെ ഘടക കക്ഷികളുടെ വീട്ടില്‍ നിന്നും കണ്ടെടുക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡ് മന്ത്രിയുടെ വീട്ടില്‍ നിന്ന് 30 കോടി കണ്ടെത്തി. രണ്ട് മാസം മുമ്പ് ഒരു കോണ്‍ഗ്രസ് എം.പിയില്‍ നിന്ന് 350 കോടി രൂപ കണ്ടെത്തി. മമതാ ബാനര്‍ജിയുടെ മന്ത്രിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെടുത്തു. ഇവരെല്ലാം പാവങ്ങളുടെ പണമാണ് തട്ടിയെടുക്കുന്നത് . അതേസമയം സമയം ബി.ജെ.പി ഈ പണമെല്ലാം സാധാരണക്കാരിലേക്ക് തന്നെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു.
Content Highlight: Congress is the best opponent of cast reservation: Amit shah