| Tuesday, 13th August 2024, 7:51 pm

'സെബി ചെയര്‍പേഴ്‌സണ്‍ സ്ഥാനമൊഴിയണം'; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 22ന് രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പിന്റെ രഹസ്യ നിഴല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിനും പങ്കാളിയ്ക്കും നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സെബിക്കെതിരെ രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മാധബി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

‘സെബിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ പണം അപകടത്തിലാക്കാന്‍ കഴിയില്ല,’ യോഗത്തിന് ശേഷം ഖാര്‍ഗെ എക്സില്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ സെബി ചെയര്‍പേഴ്‌സന്റെ രാജി ആവശ്യപ്പെടണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും മാധബി ബുച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അദാനി ഗ്രൂപ്പിന്റെ ബര്‍മുഡയിലും മൗറീഷ്യസിലും ആസ്ഥാനമായുള്ള ഓഫ്ഷോര്‍ ഫണ്ടുകളില്‍ സെബി മേധാവി മാധബി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിഷേധിച്ച് അദാനി കമ്പനിയും മാധബി ബുച്ചും രംഗത്തെത്തിയിരുന്നു.

‘സെബിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന സമയത്ത് ഉണ്ടായിരുന്ന സാമ്പത്തിക രേഖകളും വിവരങ്ങളുമാണ് ഹിന്‍ഡന്‍ബര്‍ഗ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് മടിയുമില്ല.

എന്റെയും എന്റെ ഭര്‍ത്താവിന്റെയും ജീവിതം തുറന്ന പുസ്തകമാണ്,’ എന്നായിരുന്നു മാധബി ബുച്ചിന്റെ പ്രതികരണം. സെബി ചെയര്‍പേഴ്‌സണും അവരുടെ പങ്കാളിയുമായി തങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ബന്ധവും ഇല്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് സെബിക്കെതിരെ റിപ്പോര്‍ട്ട് പുറത്തിവിട്ടതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഏഴ് ശതമാനം വരെ ഇടിവുണ്ടായി. തത്ഫലമായി നിക്ഷേപകര്‍ക്ക് ഏകദേശം 53 ,000 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്ത് അദാനി സ്റ്റോക്കുകളുടെ സംയോജിത വിപണി മൂലധനം 16 .7 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അദാനി ഗ്രൂപ്പിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്.

Content Highlight: Congress is preparing for a nationwide protest demanding the resignation of Madhabi Puri Buch

We use cookies to give you the best possible experience. Learn more