കോട്ടയം: കോണ്‍ഗ്രസില്‍ മൊത്തത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നാല്‍ യുവാക്കള്‍ മാത്രമല്ലെന്നും ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
നേരത്തെ പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കെ.സി ജോസഫ് പറഞ്ഞിരുന്നു. നേതൃത്വം നല്‍കിയവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പ്രതിപക്ഷ നേതൃമാറ്റത്തിന് പിന്നാലെ കെ.പി.സി.സിയിലും മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍. കെ. സുധാകരനാണ് പാര്‍ട്ടിയില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.
ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിക്കുകയായിരുന്നു.
ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം ചെയ്യുക എന്നായിരിക്കുമെന്നാണ് വി.ഡി സതീശന്‍ സ്ഥാനപ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്. സംഘപരിവാറടക്കമുള്ള വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടുമെന്നും വര്‍ഗീയതയെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതേതര കാഴ്ചപ്പാടുകളില്‍ യു.ഡി.എഫ് വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ച നടത്തുകയോ ചെയ്യില്ലെന്നും ആ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീയതക്കെതിരെ യു.ഡി.എഫ് മുന്‍പന്തിയില്‍ നിന്ന് പോരാടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക