| Tuesday, 13th September 2022, 1:46 pm

ഗുജറാത്തില്‍ കോണ്‍ഗ്രസ് അവസാനിച്ചു, ജനങ്ങള്‍ എ.എ.പിയില്‍ സന്തുഷ്ടരാണ്: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് അവസാനിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചരണ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പിക്കെതിരെയും അദ്ദേഹം വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

‘ആരെങ്കിലും എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും പറയാനോ ശ്രമിച്ചാല്‍, അവരെ റെയ്ഡുകളിലൂടെ ഭയപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗുജറാത്തിന് അഴിമതി രഹിതവും ഭയരഹിതവുമായ സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ഗുജറാത്തില്‍ നിന്നുള്ള പണം വ്യവസായികള്‍ക്ക് നല്‍കില്ലെന്നും മറിച്ച് സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ കഴിഞ്ഞ ദിവസം ആം ആദ്മിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മിയുടെ കയ്യില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള പണമില്ലെന്നും പക്ഷേ പരസ്യത്തിനും മറ്റ് ആര്‍ഭാടങ്ങള്‍ക്ക് പണമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകവന്‍ ഇത് സംബന്ധിച്ച് കെജ്‌രിവാളിനോട് മറുപടി തേടിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഗുജറാത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് അവസാനിച്ചുവെന്നും പാര്‍ട്ടിക്ക് ഇനി പ്രസക്തിയില്ലെന്നും അതിനാല്‍ അവരുടെ ആരോപണങ്ങള്‍ക്ക് വലിയ മൂല്യമില്ലെന്നും കെജ്‌രിവാള്‍ പറയുന്നു. ബി.ജെ.പിക്ക് കീഴില്‍ ഗുജറാത്ത് വലിയ അഴിമതി നേരിടുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് ഗുജറാത്തില്‍ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരുടെ ആരോപണങ്ങള്‍ക്ക് വലിയ മൂല്യമൊന്നുമില്ല. കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഏതായാലും ജനങ്ങള്‍ ആം ആദ്മിയില്‍ സന്തുഷ്ടരാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ പരിപാടിയില്‍ കെജ്‌രിവാള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. മൂന്ന് മാസത്തേക്ക് 300യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അലവന്‍സുകള്‍ തുടങ്ങിയവയായിരുന്നു കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തത്. ഇതോടൊപ്പം സൗജന്യ ചികിത്സ, പഠനം തുടങ്ങിയവയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Content Highlight: Congress is finished in gujarat says aam aadmi party chief arvind kejriwal

We use cookies to give you the best possible experience. Learn more