ന്യൂദൽഹി: കോൺഗ്രസ് മുഴുവൻ അഴിമതിക്കാരാണെന്നും അവരുടെ ഭരണത്തിൽ ഇന്ത്യ അഭിവൃദ്ധി നേടിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
അതേസമയം രാജ്യമിപ്പോൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കുകയാണെന്നും വികസിത് ഭാരത് വികസിത് രാജസ്ഥാൻ പരിപാടി വീഡിയോ കൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ മോദി പറഞ്ഞു.
‘കോൺഗ്രസ് അഴിമതിക്കാരാണ്. അവർക്ക് ഭാവിയെ കുറിച്ച് ചിന്തിക്കാനാകില്ല. കോൺഗ്രസ് ഭരണത്തിൽ അഭിവൃദ്ധി നേടുന്നതിൽ രാജ്യം പരാജയപ്പെട്ടു,’ മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇപ്പോൾ സുവർണ കാലമാണെന്നും 10 വർഷം മുമ്പത്തെ എല്ലാ നിരാശയും മാറ്റിവെക്കാനുള്ള അവസരമുണ്ടെന്നും മോദി അവകാശപ്പെട്ടു.
‘സ്വാതന്ത്ര്യത്തിന് ശേഷം ഇപ്പോൾ സുവർണ കാലമാണ്. 10 വർഷം മുമ്പത്തെ എല്ലാ നിരാശകളും മാറ്റിവെക്കുവാൻ ഇന്ത്യയ്ക്ക് ഇപ്പോൾ അവസരമുണ്ട്. ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് മുമ്പോട്ട് കുതിക്കുന്നത്. 2014 നു മുമ്പ് തട്ടിപ്പുകളെ കുറിച്ചും ബോംബാക്രമണങ്ങളെ കുറിച്ചും മാത്രമായിരുന്നു ചർച്ചകൾ.
തങ്ങൾക്കും രാജ്യത്തിനും എന്ത് സംഭവിക്കും എന്നായിരുന്നു ഇന്ത്യയിലെ ജനങ്ങളുടെ ആശങ്ക. കോൺഗ്രസ് ഭരണകാലത്ത് ഇതായിരുന്നു സാഹചര്യം.
കോൺഗ്രസിന് ഒരു അജണ്ട മാത്രമേയുള്ളൂ മോദി വിരുദ്ധം. അങ്ങേയറ്റം മോദി വിരുദ്ധം. സമൂഹത്തെ വിഭജിക്കുന്ന രീതിയിൽ അവർ മോദിക്കെതിരെ അത്തരം കാര്യങ്ങൾ പ്രചരിപ്പിക്കും. സ്വജനപക്ഷപാതത്തിന്റെയും കുടുംബവാഴ്ചയുടെയും ദുഷിപ്പിൽ ഒരു പാർട്ടി അകപ്പെട്ടു പോയാൽ ഇത്തരം കാര്യങ്ങളാണ് സംഭവിക്കുക.
ഇന്ന് എല്ലാവരും കോൺഗ്രസ് വിട്ടുപോകുകയാണെന്നും അവിടെ ഒരു കുടുംബം മാത്രമേയുള്ളൂ എന്നും മോദി പറഞ്ഞു.
Content Highlight: ‘Congress is corrupt, India failed to thrive under its rule’: PM Narendra Modi