ചണ്ഡീഗഡ്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തിന് പിന്നലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നാണ് നയാഹ് സിങ് സെയ്‌നി പറഞ്ഞത്. അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്‌നി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദളിത് നിന്ദ ഹരിയാനയിലെ ദളിതരെ ഓര്‍മിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ഭരണം അപകടകരമായിരുന്നുവെന്നും ദളിത് വിരുദ്ധത ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായതാണെന്നും സെയ്‌നി ആരോപിച്ചു.
‘വര്‍ഷങ്ങളായി കാലുകള്‍ നഖം കൊണ്ട് അടിച്ച ഒരാളോട് നിങ്ങള്‍ ഇരുമ്പിന്റെ രുചി ചോദിക്കരുത്. ഹരിയാനയിലെ ദളിതരോട് കോണ്‍ഗ്രസ് എത്ര അപകടകാരിയാണെന്നും ഉപദ്രവകാരിയാണെന്നും പറഞ്ഞ് കൊടുക്കേണ്ട. കോണ്‍ഗ്രസും ഹൂഡയും ദളിതര്‍ക്ക് എതിരായിരുന്നു. അന്നത്തെ ഭരണം ഒരു പേടി സ്വപ്‌നമായി ദളിതരെ വേട്ടയാടുന്നുണ്ട്,’ സൈനി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ദളിത് പീഡനക്കേസുകളിലെല്ലാം ഹൂഡാ സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സെയ്‌നി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തെ മിര്‍ച്ച്പൂരിലും ഗൊഹാനയിലും നടന്ന സംഭവങ്ങളും ആരോപണത്തിനെ സാധൂകരിക്കുന്നുണ്ടെന്നും സെയ്‌നി പറഞ്ഞു.
‘പട്ടി കുരച്ചതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മിര്‍ച്ച്പൂരിലെയും ഗൊഹാനയിലേയും ഭഗാനയിലെയും ജനങ്ങള്‍ക്ക് ഇരുണ്ട ദിവസങ്ങളായിരുന്നു. ഇവയെല്ലാം ഹൂഡയുടെ ഭരണകാലത്താണ്,’ സെയ്‌നി പറഞ്ഞു.
ഗ്രാമത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ ദളിതന് പങ്കുണ്ടെന്നാരോപിച്ച് ഗൊഹാനയിലെ ദളിതരുടെ വീടുകള്‍ തീയിട്ടുവെന്നും സമാനമായി മിര്‍ച്ച്പൂരിലെ വീടുകള്‍ കത്തിച്ചാമ്പലാക്കുകയും പെണ്‍കുട്ടിയും പിതാവും വെന്തുമരിച്ചതുമെല്ലാം ജനങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമെന്നും സെയ്‌നി ആരോപിച്ചു.
ദളിത് വിരുദ്ധത കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമാണെന്നും ബാബാ സാഹിബ് അംബേദ്ക്കര്‍ മുതല്‍ ബാബു ജഗ്ജീവന്‍ റാം, സീതാറാം ക്രേസി, അശോക് തന്‍വര്‍, നിലവില്‍ ദളിത് വനിതാ നേതാവ് എന്നിങ്ങനെ നിരവധി വ്യക്തികളെ കോണ്‍ഗ്രസ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ടെന്നും സൈനി ആരോപിച്ചു.
അതേസമയം സംവരണ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും സെയ്‌നി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദളിതര്‍ക്ക് സംവരണം നിര്‍ത്തലാക്കണമെന്ന് വിദേശസന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ പാരമ്പര്യമാണെന്ന് സെയ്‌നി ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്യമായി ആളുകളില്‍ നിന്നും വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തലും ഭീകരതയുമാണ് കോണ്‍ഗ്രസിന്റെ ആയുധമെന്നും ഇതില്‍ ദളിത് സമൂഹം കഷ്ടപ്പെടുന്നുണ്ടെന്നും സെയ്‌നി പറഞ്ഞു.
ഇന്ത്യയില്‍ കൃത്യമായ സമയമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെയാണ് ബി.ജെ.പിയിലെ പലനേതാക്കളും വളച്ചൊടിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.
ഒക്ടോബര്‍ എട്ടിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം.
Content Highlight: CONGRESS is anti dalit party; haryana chief minister criticizing congress