national news
മമതക്ക് ക്ഷണം; പിണറായി ഔട്ട്: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 18, 03:18 pm
Thursday, 18th May 2023, 8:48 pm

ബെംഗളൂരു: കര്‍ണാടകയില്‍ മെയ് 20ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബി.ജെ.പി. ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്് സോറന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന നേതാവ് (യു.ബി.ടി) ഉദ്ധവ് താക്കറെ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, മമത ബാനര്‍ജി എന്നിവരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും വേദിയിലുണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞക്കായി ക്ഷണിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങ് മെയ് 20ന് ഉച്ചക്ക് 12.30ന് ബെംഗളൂരുവിലെ രാജ്ഭവനില്‍ നടക്കും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ എം.എല്‍.എ പരമേശ്വര രാജ് ഭവനിലെത്തി ഗവര്‍ണരെ സന്ദര്‍ശിച്ചു.

അതേസമയം ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചത്. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കൂടാതെ ലോകസഭ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നും മുഖ്യമന്ത്രിയാകാനുള്ള ഇരുവരുടേയും ആഗ്രഹം തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

എന്നാല്‍ നേരത്തെ ഉയര്‍ന്ന് കേട്ട ടേം വ്യവസ്ഥകളെ കുറിച്ചൊന്നും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം നടത്തിയില്ല. കര്‍ണാടകയുടെ മുഖ്യമന്ത്രിയാകാന്‍ ഇരുവരും യോഗ്യരാണെന്നും എന്നാല്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയെ പരിഗണിക്കുകയായിരുന്നു എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

content highlight: congress invites opposition leaders in oath ceremony