| Wednesday, 8th January 2025, 9:09 am

അന്തവും കുന്തവുമില്ലെന്ന് സുധാകരന്‍, ഭീഷണി നടക്കില്ലെന്ന് സതീശന്‍; ആത്മഹത്യ ചെയ്ത ഡി.സി.സി. ട്രഷററുടെ കുടുംബത്തെ അധിക്ഷേപിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി കോഴ വാങ്ങുന്നതിന് ഇടനിലക്കാരനായതിന്റെ പേരില്‍ മകനെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചത്.

വിജയന്റെ കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നായിരുന്നു കെ.പി.സി.സി. പ്രസിന്റ് കെ.സുധാകരന്റെ പ്രസ്താവന. എന്‍.എം. വിജയന്റെ മരണക്കുറിപ്പ് ആദ്യം വായിച്ചില്ലെന്നായിരുന്നു കെ. സുധാകരന്‍ പറഞ്ഞത്. എന്നാല്‍ കെ.സുധാകരനെ വീട്ടിലെത്തി കത്തിന്റെ സംക്ഷിപ്ത രൂപം വായിച്ചുകേള്‍പ്പിച്ചിട്ടുണ്ടെന്നും കത്ത് വായിച്ചില്ലെന്ന് പറയുന്നത് കളവാണെന്നും വിജയന്റെ കുടുംബം പറഞ്ഞു.

എന്നാല്‍ പിന്നീട് നടത്തിയ പ്രസ്താവനയില്‍ കത്തിലെ വിവരങ്ങള്‍ താന്‍ അറിഞ്ഞിരുന്നെന്നും അതിനെ തുടര്‍ന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുമായും ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനുമായും ആശയവിനിമയം നടത്തിയിരുന്നതായും സുധാകരന്‍ പറഞ്ഞു.

രണ്ട് പ്രസ്താവനകളിലുമുള്ള വൈരുദ്ധ്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയും കുടുംബം കത്ത് വായിച്ച് കേള്‍പ്പിച്ചിരുന്നെന്ന് പറഞ്ഞതിനെ കുറിച്ച് ചോദ്യക്കുകയും ചെയ്തു. ഈ സമയത്താണ് സുധാകരന്‍ വിജയന്‍ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചത്. കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

മരണപ്പെട്ട വിജയന്റെ കുടുംബത്തിന്റെ ഭീഷണി തന്നോട് വേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിജന്റെ മരണക്കുറിപ്പ് പറവൂരിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തി കുടുംബം നേരിട്ട് നല്‍കുകയും വായിച്ച് കേള്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച ചോദ്യങ്ങളോടാണ് വി.ഡി. സതീശന്‍ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചത്. കത്തില്‍ വ്യക്തതക്കുറവുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങുമെന്ന് കുടുംബം ഭീഷണിമുഴക്കിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇത്തരം ഭീഷണി തന്നോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വി.ഡി. സതീശന്റെ പ്രസ്താവനകളെ പൂര്‍ണമായും തള്ളുകയാണ് വിജയന്റെ കുടുംബം ചെയ്തിട്ടുള്ളത്. പ്രതിപക്ഷ നേതാവ് കളവ് പറയുകയാണെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയോ മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങുമെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പെന്ന് വിശേഷിപ്പിക്കുന്ന കത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായത്. കത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.

2024 ഡിസംബര്‍ 24നാണ് വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്‍ മാനിസികവെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ 10 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എഴുതിയ കത്തുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി കോഴ വാങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു കത്തുകള്‍. പ്രസ്തുത കത്തില്‍ ആര്‍ക്ക് വേണ്ടി ആരില്‍നിന്നെല്ലാം എപ്പോഴെല്ലാം പണം വാങ്ങിയെന്ന വിവരങ്ങളുമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് വ്യക്തിപരമായി അദ്ദേഹത്തിനുണ്ടായ ബാധ്യതകളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ കത്താണ് കഴിഞ്ഞ ദിവസം വിജയന്റെ കുടുംബം പുറത്തുവിട്ടത്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍, വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ഈ കത്ത്.

തന്റെ മരണത്തിന് ശേഷം ഈ കത്ത് പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി. പ്രസിഡന്റിനെയും കാണിക്കണമെന്നും 10 ദിവസത്തനികം നടപടിയുണ്ടായില്ലെങ്കില്‍ മാത്രം കത്ത് പൊലീസിന് കൈമാറണമെന്നും ഈ കത്തിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍.എം. വിജയന്റെ മൂത്തമകന്‍ കത്ത് പുറത്തുവിട്ടത്.

content highlights: Congress insulted who committed suicide DCCTreasurer’s family

We use cookies to give you the best possible experience. Learn more