റായ്പൂര്‍: ഞങ്ങളുടെ പ്രധാനമന്ത്രിയെക്കുറിച്ച് ആര്‍ക്കും അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ്.
പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ യു.എന്‍ രക്ഷാസമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ചത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍
ബിലാവല്‍ ഭൂട്ടോ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നു. ബിലാവലിന് ചുട്ട മറുപടി നല്‍കണമെന്നും ബാഗേല്‍ പറഞ്ഞു.
‘ബിലാവല്‍ ഭൂട്ടോ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നു. ഇതിന് ചുട്ട മറുപടി നല്‍കണം. ഞങ്ങളുടെ പ്രധാനമന്ത്രിയെക്കുറിച്ച് അത്തരമൊരു പരാമര്‍ശം നടത്താന്‍ ആര്‍ക്കും അവകാശമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത്. എന്നാല്‍, ഇത് ഞങ്ങളുടെ രാജ്യത്തിന്റെ കാര്യമാണ്. മോദി ഞങ്ങളുടെ പ്രധാനമന്ത്രിയാണ്,’ ബാഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താന്‍ ഭീകരവാദ സംഘങ്ങളെ പിന്തുണക്കുന്നുണ്ടെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വിമര്‍ശനത്തോടായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം.
ഉസാമാ ബിന്‍ലാദന് താവളമൊരുക്കുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത പാകിസ്താന് രക്ഷാസമിതിയില്‍ ധര്‍മോപദേശം നടത്താന്‍ അവകാശമില്ലെന്നായിരുന്നു ജയശങ്കര്‍ യു.എന്‍ രക്ഷാസമിതിയില്‍ പറഞ്ഞത്.
എന്നാല്‍, ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി മോദിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായാണ് ബിലാവന്‍ ഭൂട്ടോ തിരിച്ചടിച്ചത്. ‘ഉസാമാ ബിന്‍ലാദന്‍ മരിച്ചു. എന്നാല്‍, ഗുജറാത്തിലെ കശാപ്പുകാരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്’ എന്നായിരുന്നു ഭൂട്ടോയുടെ വിമര്‍ശനം.
ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. ബിലാവല്‍ ഭൂട്ടോയുടെ തല കൊയ്യുന്നവര്‍ക്ക് രണ്ടുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് മനുപാല്‍ ബന്‍സാലും രംഗത്തെത്തിയിരുന്നു.
Content Highlight: Congress in support of PM Narendra Modi over Bilawal Bhutto’s remarks