അഹമ്മദാബാദ്: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗുജറാത്തിലെ കോണ്‍ഗ്രസും ഭയത്തിലാണ്. മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ ആശങ്ക.
സംസ്ഥാനത്ത് നാല് രാജ്യസഭ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. രണ്ട് സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം.എല്‍.എമാരാണുള്ളത്. സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും എന്‍.സി.പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിക്ക് 103 എം.എല്‍.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.
മൂന്നാം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍ എട്ട് അംഗങ്ങളുടെ പിന്തുണ കൂടി വേണം. ഇത് കോണ്‍ഗ്രസില്‍ നിന്ന് നേടാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ഭയത്തിന് കാരണം.
2012ല്‍ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നര്‍ഹരി അമീനിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇത് തങ്ങളുടെ എം.എല്‍.എമാരുടെ പിന്തുണ നേടി വിജയിക്കുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതിനാല്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാതിരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് അവരെ മാറ്റാന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇതിലൊരാള്‍ പോലും പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളതല്ല. പ്രബല സമുദായമായ പട്ടേലുകളെ അവഗണിച്ചതില്‍ വിമര്‍ശനമുള്ള പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധ സൂചകമായി തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെ.പി പ്രതീക്ഷ. ഇതിനെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ