| Monday, 6th September 2021, 4:02 pm

മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല? കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ദേശീയ പ്രതിപക്ഷ സഖ്യത്തിനായി മമതയും സോണിയ ഗാന്ധിയും ചര്‍ച്ച നടത്തിയിരുന്നു.

ഇതാണ് പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഭവാനിപൂരില്‍ മമതാ ബാനര്‍ജി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മമത മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.ജെ.പിയെ നേരിടാന്‍ വിശാല പ്രതിപക്ഷ ഐക്യം വേണമെന്നാണ് മമതയുടെ നിലപാട്. ഇതിനായി സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളേയും ഒരു കുടക്കീഴിലാക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബംഗാളില്‍ കോണ്‍ഗ്രസ് വിട്ട നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നത് സംസ്ഥാന നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. പാര്‍ട്ടി നേതാക്കളെ തൃണമൂല്‍ ചാക്കിട്ട് പിടിക്കുകയാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിന്റെ മര്യാദ തൃണമൂല്‍ പാലിക്കുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതിയുണ്ട്.

അതേസമയം കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമാകരുതെന്നും ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കരുതെന്നും പാര്‍ട്ടി നേതാക്കളോട് മമത പറഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും തൃണമൂലിനുമെതിരെ ഇടത് പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. എന്നാല്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിയ്ക്ക് ജയിക്കാനായിരുന്നില്ല.

സെപ്റ്റംബര്‍ 30നാണ് ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.

മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എം.എല്‍.എ സോവന്‍ദേവ് ചതോപാധ്യ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress in Fix Over Propping Candidate Against ‘Didi’ in Bhabanipur

We use cookies to give you the best possible experience. Learn more