ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ.ബി.സി വിഭാഗക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒ.ബി.സി പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായാണ് ഒ.ബി.സി പ്രാതിനിധ്യം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
നവംബര്‍ 30നാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്. എതിര്‍പാര്‍ട്ടിയായ ബി.ആര്‍.എസ് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് തെലങ്കാന കോണ്‍ഗ്രസിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.
വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ ഒ.ബി.സി വിഭാഗക്കാര്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്കയിലാണ് ഒ.ബി.സി പ്രവര്‍ത്തകര്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാമൂഹിക നീതി ഉറപ്പുവരുത്താൻ രാജ്യത്തുടനീളം ജാതി സർവേക്കായി ശക്തമായ നീക്കം നടത്തുന്ന കോൺഗ്രസ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
തെലങ്കാന തെരഞ്ഞെടുപ്പിൽ ജാതി ഒരു വിഷയമല്ലെങ്കിലും വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ പിന്നാക്ക വിഭാഗക്കാരായ നേതാക്കളെ അവഗണിക്കരുതെന്ന് ഒ.ബി.സി നേതാക്കൾ തെലങ്കാന കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.
2014 ലെ തെലങ്കാന സർക്കാർ നടത്തിയ സർവ്വേഫലം അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ 51 ശതമാനവും ഒ.ബി.സി വിഭാഗക്കാരാണ്.
തെലങ്കാനയിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 51 അസംബ്ലി സീറ്റുകൾ എങ്കിലും ഒ.ബി.സി വിഭാഗക്കാർക്ക് നൽകണമെന്നും, കുറഞ്ഞത് 34 സീറ്റുകൾ എങ്കിലും നൽകാമെന്ന് രാഹുൽഗാന്ധി ഉറപ്പുനൽകിയിട്ടുണ്ടെന്നും മുൻ എം.പിയും കോൺഗ്രസ്-ഒ.ബി.സി എം.പി.മാരുടെ ഫോറം കൺവീനറുമായ വി.ഹനുമന്ത റാവു പറഞ്ഞു.
സെപ്റ്റംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് രേവാന്ത് റെഡി തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 34 സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് നൽകുമെന്ന് അറിയിച്ചിരുന്നു. കൂടാതെ ബി.ആർ.എസ് നൽകുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കായി മാറ്റിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Content Highlight: Congress in fix as OBCs seek more tickets after caste survey pitch