ന്യൂദല്‍ഹി: കേന്ദ്രഭരണം നഷ്ടപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സംഘടനാകാര്യങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക നിലയും ചര്‍ച്ച ചെയ്‌തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടാനപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പ്രധാനമായും പാര്‍ട്ടിയുടെ സാമ്പത്തികാവസ്ഥയ്ക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്.
ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതിയും ധനസമാഹരണത്തിനുള്ള സാധ്യതകളും ചുമതലപ്പെട്ടവര്‍ യോഗങ്ങളില്‍ വിശദീകരിച്ചു. ധന സമാഹരണത്തിന് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2014 ല്‍ കേന്ദ്രഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ഭരണവും ബി.ജെ.പി അട്ടിമറിച്ചിരുന്നു. ഇതും കോണ്‍ഗ്രസിന് ബാധ്യതയായതാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക