ചണ്ഡിഗഡ്: കോണ്‍ഗ്രസ് പാര്‍ട്ടി കോമയിലാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എതിര്‍ പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി ദാരിദ്ര്യത്തിലായിരിക്കുന്നു, അവര്‍ തങ്ങളുടെ എം.എല്‍.എമാരെ എതിരാളികളായ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വില്‍ക്കുന്നുവെന്നും മന്‍ ആരോപിച്ചു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണ് സര്‍ക്കാരുണ്ടാക്കിയത്. എന്നാലിപ്പോള്‍ അവിടെ ഭരണത്തിലുള്ളത് ബി.ജെ.പിയാണെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഭഗവന്ത് മന്‍.
‘രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനം കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
സൂര്യന്‍ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), എന്നാല്‍ സൂര്യന്‍ ആദ്യം ഉദിക്കുന്നിടത്ത് നിന്നാണ് (കന്യാകുമാരി) രാഹുല്‍ ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചത്. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോണ്‍ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്,’ ഭഗവന്ത് മന്‍ പറഞ്ഞു.
അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആം ആദ്മി ബി.ജെ.പിയുടെ പാവകളായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ ജയിച്ചേനെ എന്നും രാഹുല്‍ പറഞ്ഞു.