ഗാന്ധിനഗര്‍: ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കേ 154 സീറ്റുകളില്‍ ലീഡുമായി ബി.ജെ.പി മുന്നിട്ടു നില്‍ക്കുകയാണ്. ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. അതേസമയം 2017ല്‍ 77 സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസിന്റെ നിലവിലെ ലീഡ് 17 സീറ്റുകളിലേക്കായി ചുരുങ്ങിയിരിക്കുകയാണ്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് ഇനി വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടി സര്‍പ്രൈസ് ഫലം പ്രതീക്ഷിക്കുന്നുവെന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് ഇന്‍-ചാര്‍ജായ രഘു ശര്‍മയുടെ പ്രസ്താവന.
എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചത്. ‘അത്ഭുതപ്പെടുത്തുന്ന സര്‍പ്രൈസിങ്ങായ ഫലങ്ങള്‍ വരും. കോണ്‍ഗ്രസിന് അനുകൂലമായ റിസല്‍ട്ടുണ്ടാകും. ബി.ജെ.പി അപ്പോള്‍ ചിത്രത്തിലുണ്ടാകില്ല. അവസാന തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കൂ,’ എന്നാണ് രഘു ശര്‍മയുടെ വാക്കുകള്‍.
അതേസമയം ആകെയുള്ള 182 സീറ്റില്‍ നിലവിലെ ലീഡ് നിലയില്‍ മുന്നേറിയാല്‍ ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകും നേടുക. 2002ല്‍ 127 സീറ്റുകളില്‍ വിജയിച്ച് സ്വന്തം റെക്കോഡ് തന്നെയാകും ബി.ജെ.പി ഇതിലൂടെ തിരുത്തുക. 2017ല്‍ 99 സീറ്റായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ റാലികളും റോഡ് ഷോകളും നടന്നു. മുപ്പതിലേറെ റോഡ് ഷോകളിലായിരുന്നു മോദി പങ്കെടുത്തത്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ഉടലെടുത്തിരുന്നു. ബി.ജെ.പിക്കുള്ളില്‍ തന്നെ വിമതസ്വരങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടായിരുന്നു ഇപ്രാവശ്യം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ഗുജറാത്തില്‍ ചെറിയ തോതിലെങ്കിലും പിന്നോട്ടു പോയാല്‍ അത് തനിക്ക് ബി.ജെ.പിയിലുള്ള സ്വാധീനത്തെ ബാധിക്കുമെന്ന് മനസിലാക്കി മോദി തന്നെ പല പരിപാടികള്‍ക്കും മുന്നിട്ടിറങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ബി.ജെ.പി വിമതര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുമുണ്ട്. ഇവര്‍ വിജയിച്ചില്ലെങ്കിലും നേടുന്ന വോട്ട് വിഹിതം ബി.ജെ.പിക്ക് വരും കാലങ്ങളില്‍ ആശങ്ക തീര്‍ക്കും.
അതേസമയം, 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 17 മണ്ഡലങ്ങളിലേക്ക് ലീഡ് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.