ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കോണ്‍ഗ്രസ് പത്തു വര്‍ഷം രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.
‘റിമോര്‍ട്ട് കണ്ട്രോള്‍ ഉപയോഗിച്ച് വീഡിയോ ഗെയിം കളിക്കുന്നതായിക്കോട്ടെ, അല്ലെങ്കില്‍ സര്‍ക്കാറിനെ മുന്നോട്ടു കൊണ്ടുപോകുന്നതായിക്കോട്ടേ, ഈ ആളുകള്‍ക്ക് കോണ്‍ഗ്രസ് ചെയ്യുന്നതിനപ്പുറം ആലോചിക്കാനുള്ള കഴിവില്ല. അതു കൊണ്ടാണ് അവര്‍ക്ക് പ്രധാനമന്ത്രി ആക്കേണ്ട ആള്‍ ബുദ്ധിമാനാവുന്നത് വരെ മറ്റൊരാളെ ആക്ടിങ് പ്രൈം മിനിസ്റ്റര്‍ ആയി രാജ്യത്തിന്റെ തലപ്പത്ത് അടിച്ചേല്‍പ്പിച്ചത്’- മോദി പറഞ്ഞു.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണകാലയളവില്‍ രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതി നടന്നെന്നും നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കുമെന്നും മന്‍മോഹന്‍ സിങ് ഇന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസിമില്ലാത്ത, രാഷ്ട്രീയ നിലനില്‍പ്പിനപ്പുറം മറ്റൊരു ചിന്തയുമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേത് ദുഖകരമായ ഭരണത്തിന്റേയും, ഉത്തരവാദിത്വമില്ലായ്മയുടേയും ആകെത്തുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദിയുടെ ഭരണം ഏറ്റവും അധികം ബാധിച്ചത് രാജ്യത്തെ യുവജനങ്ങളേയും, കര്‍ഷകരേയും, കച്ചവടക്കാരെയുമാണെന്നും സിങ് കുറ്റപ്പെടുത്തിയിരുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ യുവതയേയും, കര്‍ഷകരേയും, കച്ചവടക്കാരേയും, എല്ലാ ജനാധിപത്യ സ്ഥാപനങ്ങളേയുമാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്’- എന്നായിരുന്നു സിങ് പറഞ്ഞത്.
യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും, എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സിങ് ചൂണ്ടിക്കാട്ടി.