മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം സാധ്യമാക്കാനുള്ള കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് ഉണര്‍വ് പകര്‍ന്ന് വി.ബി.എ നേതാവ് പ്രകാശ് അംബേദ്കര്‍. കോണ്‍ഗ്രസ്, എന്‍.സി.പിയുമായി സീറ്റ് ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രകാശ് അംബേദ്കര്‍ സൂചന നല്‍കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വി.ബി.എ 14 ശതമാനം വോട്ട് നേടിയിരുന്നു. കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും ബി.ജെ.പി-ശിവസേന സഖ്യത്തിന് വിജയിക്കാന്‍ വി.ബി.എ കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് വി.ബി.എയുമായി സഖ്യത്തിലെത്തണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടും എന്‍.സി.പിയുടെ ജയന്ത് പാട്ടീലും വി.ബി.എക്ക് സഖ്യത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിനോടാണ് ഇപ്പോള്‍ വി.ബി.എ പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി മാത്രമേ ചര്‍ച്ച നടത്തൂ എന്ന നിലപാടില്‍ നിന്ന് വി.ബി.എ അയഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി സംസാരിക്കാന്‍ തയ്യാറാണ്. ചര്‍ച്ച പെട്ടെന്ന് നടത്തി,സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്നാണ് വി.ബി.എ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.