| Saturday, 30th May 2020, 11:21 am

'മോദി സര്‍ക്കാരിന്റെ പുതിയ നിര്‍വചനങ്ങളാണ് സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്'; സോളിസിറ്റര്‍ ജനറലിന്റെ സമാന്തര സര്‍ക്കാര്‍ പ്രയോഗത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകളായി വര്‍ത്തിക്കുകയാണെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളില്‍ തുഷാര്‍ മേത്ത പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

കോടതി വ്യവഹാരത്തിന്റെ നിലവാരം അതിവേഗം കുറയുന്നതിന്റെ ഒരു പുതിയ തെളിവാണ് സോളിസിറ്റര്‍ ജനറലും മുന്‍ മന്ത്രിയും തമ്മില്‍ നടന്ന വാദങ്ങളിലൂടെ വെളിവാകുന്നത്. കോടതിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുതിര്‍ന്ന കൗണ്‍സില്‍ അംഗത്തെ ചോദ്യം ചെയ്യാന്‍ സോളിസിറ്റര്‍ ജനറലിന് അവകാശമില്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ അശ്വനി കുമാര്‍ പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നാശത്തിന്റെ പ്രവാചകരാണ് എന്നായിരുന്നു മേത്ത കോടതിയില്‍ പറഞ്ഞത്. ‘ചില ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകളാകുന്നു, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നാശത്തിന്റെ പ്രവാചകരാണ്, മാധ്യമ പ്രവര്‍ത്തനവും കഴുകനും തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ മോദി സര്‍ക്കാരിന്റെ പുതിയ നിര്‍വചനങ്ങളാണ് സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്’, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പിന്നീട് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ദുഖകരം പക്ഷെ സത്യം. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ കൈകാര്യം ചെയ്യവെ ഒരു നിയമ ഉദ്യോഗസ്ഥന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ കഴുകന്മാരാണെന്നും ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകള്‍ നടത്തുന്നു എന്നുമാണ്. ഇത് നിയമമല്ല, രാഷ്ട്രീയമാണ്’.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more